മെസിയെ കടന്ന് ബൗംഗ
Wednesday, August 21, 2024 12:45 AM IST
ന്യൂയോർക്ക്: ലീഗ്സ് കപ്പിൽ ഏറ്റവും കൂടുതൽ ഗോളുള്ള താരമെന്ന റിക്കാർഡിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ പിന്തള്ളി ഗാബോണ്‍ താരം ഡെനിസ് ബൗംഗ. ലീഗ്സ് കപ്പിൽ ലോസ് ആഞ്ചലസ് എഫ്സിക്കു വേണ്ടി ഗോൾ നേടിയതോടെയാണിത്.
അമേരിക്കൻ ക്ലബ്ബായ സിയാറ്റിൽ സൗണ്ടേഴ്സിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ലോസ് ആഞ്ചലസ് കീഴടക്കിയപ്പോൾ അവസാന ഗോൾ ബൗംഗയുടെ വകയായിരുന്നു. ഇതോടെ ലീഗ്സ് കപ്പിൽ ബൗംഗയുടെ ഗോൾ നേട്ടം 11 ആയി.
10 ഗോളുമായി ലയണൽ മെസിക്കായിരുന്നു ലീഗ്സ് കപ്പിന്റെ ടോപ് സ്കോറർ സ്ഥാനം ഇതുവരെ. 2024 സീസണിൽ ഡെനിസ് ബൗംഗ അഞ്ചു ഗോൾ ഇതുവരെ സ്വന്തമാക്കി. ഇതോടെയാണ് അർജന്റൈൻ സൂപ്പർ താരത്തെ പിന്തള്ളി ബൗംഗ ഒന്നാം സ്ഥാനത്തേക്കുയർന്നത്.
നിലവിലെ ചാന്പ്യന്മാരാണ് ലയണൽ മെസിയുടെ ഇന്റർ മയാമി. എന്നാൽ, ഇത്തവണ പ്രീക്വാർട്ടറിൽ കൊളന്പസിനോട് 3-2നു പരാജയപ്പെട്ട് ഇന്റർ മയാമി പുറത്തായി.
മെസി പുറത്ത്
കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കേറ്റ് വിശ്രമത്തിലുള്ള ലയണൽ മെസിയെ ഒഴിവാക്കി 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അടുത്ത മത്സരത്തിനുള്ള അർജന്റൈൻ ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ ചിലി, കൊളംബിയ ടീമുകൾക്ക് എതിരേയാണ് അർജന്റീനയുടെ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ട് പോരാട്ടങ്ങൾ.
2024 കോപ്പ അമേരിക്ക ഫൈനലിനു ശേഷം മെസി ഇതുവരെ കളത്തിൽ എത്തിയിട്ടില്ല. ഈ സീസണിൽ ഇന്റർ മയാമിക്കുവേണ്ടി വെറും 15 മത്സരങ്ങളിൽ മാത്രമാണ് മെസി ഇറങ്ങിയത്.