അന്ന് പ്രധാനമന്ത്രിപോലും മൗനം പാലിച്ചു!
Wednesday, August 7, 2024 1:09 AM IST
ഗുസ്തി താരങ്ങൾ നേരിട്ട ലൈംഗികാതിക്രമങ്ങൾ അറിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്നതും രാജ്യത്തെ പിടിച്ചുലച്ചിരുന്നു. 2023 ജനുവരിയിൽ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജംരംഗ് പുനിയ എന്നിവരാണ് ബ്രിജ്ഭൂഷനെതിരായ ലൈംഗികാതിക്രമക്കേസ് പൊതുസമക്ഷത്തെത്തിച്ചത്.
ബ്രിജ്ഭൂഷന്റെ ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിന് നേരിടേണ്ടി വരുന്ന പീഡനങ്ങളെക്കുറിച്ച് താരങ്ങൾ 2021ൽത്തന്നെ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് അറിയിച്ചിരുന്നുവെന്ന് ഡൽഹി പോലീസിന്റെ എഫ്ഐആറിലുണ്ട്. മെഡലുകൾ ഗംഗയിൽ ഒഴുക്കുവാൻ താരങ്ങൾ തയാറായിട്ടുപോലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികളുണ്ടായില്ലെന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.
ജനുവരി 18ന് ആണ് താരങ്ങൾ ആദ്യം സമരരംഗത്തെത്തുന്നത്. ബ്രിജ്ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട് രംഗത്തെത്തിയതാണ് സംഭവങ്ങളുടെ തുടക്കം.
പരാതി സുപ്രീംകോടതിയിൽ എത്തിയതോടെ മുഖം രക്ഷിക്കാനായി ബ്രിജ്ഭൂഷണെതിരേ ഡൽഹി പോലീസ് കേസെടുത്തു. പക്ഷേ, നടപടികൾ അവിടെ അവസാനിച്ചു. ഇതേതുടർന്ന് ഏപ്രിൽ 23നു ജന്തർ മന്തറിൽ രണ്ടാംഘട്ട സമരം ആരംഭിച്ചു.
അതിനിടെ, ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും മഹനീയ അടയാളമായ പാർലമെന്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത അതേദിനം തന്നെ ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ നിരത്തിലൂടെ വലിച്ചിഴയ്ക്കപ്പെടുന്നതും രാജ്യത്തിനു കാണേണ്ടിവന്നു.
2023 ഡിസംബറിൽ ബ്രിജ്ഭൂഷൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു പടിയിറങ്ങി.