പാരീസ് ഒളിന്പിക്സിൽ മൂന്നാം മെഡലിനായി മനു ഭാകർ
Saturday, August 3, 2024 12:42 AM IST
പാരീസ്: മനു ഭാകറിന്റെ ഉന്നം തെറ്റരുതേ എന്ന പ്രാർഥനയുമായി ശതകോടി ഭാരതീയർ. കാരണം, പാരീസ് ഒളിന്പിക്സിൽ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് ഒരു സ്വർണം സ്വപ്നം കാണുന്നു. ഇതിനോടകം രണ്ട് വെങ്കലം സ്വന്തമാക്കിയ ഇന്ത്യയുടെ വനിതാ ഷൂട്ടിംഗ് സുപ്രീമോ മനു ഭാകർ ഇന്നു മൂന്നാം ഫൈനലിനായി റേഞ്ചിലെത്തും.
വനിതാ സിംഗിൾസ് 25 മീറ്റർ എയർ റൈഫിൾ ഫൈനൽ യോഗ്യത ഇന്നലെ മനു സ്വന്തമാക്കി. ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് ഒരു മണിക്കാണ് മനു തോക്കുമായി ഷൂട്ടിംഗ് റേഞ്ചിലെത്തുന്നത്.
വനിതാ സിംഗിൾസ് 10 മീറ്റർ എയർ പിസ്റ്റൾ, മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗങ്ങളിലാണ് ഇതിനോടകം മനു ഭാകർ പാരീസിൽ വെങ്കലം വെടിവച്ചിട്ടത്. ഒളിന്പിക്സിന്റെ ഒരു എഡിഷനിൽ രണ്ടു മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ചരിത്രം ഇരുപത്തിരണ്ടുകാരായിയ ഈ ഹരിയാനക്കാരി സ്വന്തമാക്കി.
ഒരു എഡിഷനിൽ സ്വർണം അടക്കം മൂന്നു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്രമാണ് മനു ഭാകറിനെ കാത്തിരിക്കുന്നത്. പാരീസിൽ പങ്കെടുത്ത മൂന്ന് ഇനത്തിലും ഫൈനലിൽ പ്രവേശിച്ചു എന്നതും മനുവിന്റെ അപൂർവ നേട്ടമാണ്.
യോഗ്യതാ റൗണ്ടിൽ തീപ്പൊരി
25 മീറ്റർ വനിതാ വ്യക്തിഗത പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മിന്നും പ്രകടനമാണ് മനു കാഴ്ചവച്ചത്. ഇതിനോടകം രണ്ടു മെഡൽ സ്വന്തമാക്കിയ മനുവിന്റെ മാനസിക കരുത്ത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലെ നടന്ന യോഗ്യതാ റൗണ്ടെന്നതും ശ്രദ്ധേയം.
590 പോയിന്റാണ് യോഗ്യതാ റൗണ്ടിൽ മനു കുറിച്ചത്. 592 പോയിന്റ് നേടിയ ഹംഗറിയുടെ വെറോണിക്ക മേജർ മാത്രമേ ഇന്ത്യൻ താരത്തേക്കാൾ മുന്നിലുണ്ടായിരുന്നുള്ളൂ. ഇറാന്റെ ഹനിയേ റോസ്തമിയാനായിരുന്നു (588) മൂന്നാം സ്ഥാനത്ത്. വെറോണിക്കയ്ക്കും റോസ്തമിയാനും പാരീസ് ഒളിന്പിക്സിൽ ഇതുവരെ മെഡൽ ഇല്ല.
ചരിത്രം പിറക്കട്ടെ...
ഒളിന്പിക് ചരിത്രത്തിൽ രാജ്യത്തിനുവേണ്ടി മൂന്നു വ്യക്തിഗത മെഡൽ നേടുന്ന താരം എന്ന ചരിത്രം മനു ഭാകർ സ്വന്തമാക്കട്ടേയെന്ന പ്രാർഥനയിലാണ് നൂറ്റിനാൽപ്പതു കോടിയിലധികം വരുന്ന ഇന്ത്യക്കാർ.
ഒളിന്പിക്സിന്റെ ഒരു എഡിഷനിൽ രണ്ട് മെഡൽ നേടുന്ന ആദ്യതാരം എന്ന റിക്കാർഡ് ഇതിനോടകം മനു ഭാകർ സ്വന്തമാക്കിയിട്ടുണ്ട്. 1900 പാരീസ് ഒളിന്പിക്സിൽ ബ്രിട്ടീഷ് ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് മാത്രമാണ് (പുരുഷ 200 മീറ്റർ, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ വെള്ളി) ഒരു എഡിഷനിൽ രണ്ടു മെഡൽ സ്വന്തമാക്കിയത്. സ്വാതന്ത്ര്യത്തിനുശേഷം ഈ നേട്ടം മനു ഭാകറിനു മാത്രം സ്വന്തം.
ഗുസ്തി താരം സുശീൽ കുമാർ (2008 വെങ്കലം, 2012 വെള്ളി), വനിതാ ബാഡ്മിന്റണ് താരം പി.വി. സിന്ധു (2016 വെള്ളി, 2020 വെങ്കലം) എന്നിവരും ഇന്ത്യക്കായി രണ്ട് ഒളിന്പിക്സ് മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.