ഫ്രാൻസ്-അർജന്റീന പോരാട്ടം
Wednesday, July 31, 2024 11:45 PM IST
പാരീസ്: ഫുട്ബോളിൽ വീണ്ടും ഒരു ഫ്രാൻസ് -അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങി. പുരുഷന്മാരുടെ ഒളിന്പിക്സ് ക്വാർട്ടർ ഫൈനലിലാണ് ആതിഥേയരായ ഫ്രാൻസ് അർജന്റീനയെ നേരിടുന്നത്. ശനിയാഴ്ച പുലർച്ചെ രാത്രി 12.30നാണ് മത്സരം.
ലോകകപ്പ്, കോപ്പ അമേരിക്ക എന്നീ ട്രോഫികൾക്കുശേഷം ഒളിന്പിക് സ്വർണമെഡലാണ് അർജന്റീന ലക്ഷ്യമിടുന്നത്. 1984 ലോസ് ആഞ്ചലസ് ഒളിന്പിക്സിനുശേഷം ഒളിന്പിക് സ്വർണമാണ് ഫ്രാൻസിന്റെ ലക്ഷ്യം.
ഗ്രൂപ്പ് എയിൽ മൂന്നു ജയത്തിനൊപ്പം ഗോളൊന്നും വഴങ്ങാതെ ഒന്നാം സ്ഥാനക്കാരായാണ് ഫ്രാൻസ് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ബിയിൽനിന്നു രണ്ടു ജയവുമായി രണ്ടാം സ്ഥാനക്കാരാണ് രണ്ടു തവണ ഒളിന്പിക് സ്വർണമെഡൽ നേടിയ അർജന്റീന ക്വാർട്ടറിലെത്തിയത്.
കോപ്പ അമേരിക്കയുടെ വിജയാഘോഷത്തിനിടെ ഫ്രഞ്ച് കളിക്കാരെ വംശീയമായി ആക്ഷേപിച്ചു ഗാനം റിക്കാർഡ് ചെയ്തശേഷം രണ്ടു രാജ്യങ്ങൾ നേർക്കുനേർ വരുന്ന ആദ്യത്തെ പോരാട്ടമാണ്. ഒളിന്പിക്സ് മത്സരങ്ങൾക്കിടെ അർജന്റൈൻ കളിക്കാർ എതിർ ടീമിന്റെ ആരാധകരുടെ കളിയാക്കലിന് ഇരയായിട്ടുണ്ട്.
ഖത്തർ ലോകകപ്പ് ഫൈനലിനുശേഷം ഫ്രാൻസും അർജന്റീനയും ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പ് ഫൈനലിലെ തോൽവിക്കുശേഷം സ്വന്തം കളിക്കാരെ വംശീയമായി ആക്ഷേപിക്കുകയും ചെയ്തതോടെ അർജന്റീനയു മായി ഫ്രാൻസ് ഫുട്ബോളിൽ പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ്.മറ്റൊരു ക്വാർട്ടറിൽ സ്പെയിൻ, ജപ്പാനെ നേരിടും.