പുരുഷ ബാഡ്മിന്റണിൽ ലക്ഷ്യ സെന്നിന് ജയം
Monday, July 29, 2024 10:41 PM IST
പാരീസ്: ഒളിന്പിക്സ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് ജയം. ഗ്രൂപ്പ് എല്ലിൽ രണ്ടാം മത്സരത്തിൽ സെൻ 21-19, 21-14ന് ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെ തോൽപ്പിച്ചു.
നാലു പേരുള്ള ഗ്രൂപ്പിൽ സെൻ ആദ്യ മത്സരത്തിൽ ഗ്വാട്ടിമാലയുടെ കെവിൻ കോർഡൻ തോൽപ്പിച്ചിരുന്നു. എന്നാൽ, പരിക്കിനെത്തുടർന്ന് കോർഡൻ പിന്മാറി. ഇതോടെ ഇന്ത്യൻ താരത്തിന്റെ വിജയം ഡിലീറ്റ് ചെയ്തെന്ന് ബാഡ്മിന്റണ്‍ വേൾഡ് ഫെഡറേഷൻ (ബിഡബ്ല്യുഎഫ്)അറിയിച്ചു.
ഇതോടെ നാളെ നടക്കുന്ന മത്സരത്തിൽ സെന്നിന് ഇന്തോനേഷ്യയുടെ ജൊനാതൻ ക്രിസ്റ്റിയെ തോൽപ്പിച്ചാലേ പ്രീക്വാർട്ടറിലെത്താനാകൂ. നിലവിൽ ക്രിസ്റ്റിയാണ് ഒന്നാമത്. സെൻ രണ്ടാമതും.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കായുള്ള ബിഡബ്ല്യുഎഫ് പൊതുമത്സര ചട്ടങ്ങൾ അനുസരിച്ച്, ഗ്രൂപ്പ് എല്ലിലെ കോർഡണ്‍ ഉൾപ്പെടുന്ന കളിച്ചതോ ഇനിയും കളിക്കാനുള്ളതോ ആയ എല്ലാ മത്സരങ്ങളുടെയും ഫലങ്ങൾ ഇല്ലാതാക്കിയതായി കണക്കാക്കുന്നു. പാരീസ് ഒളിന്പിക്സിൽ 13 ഗ്രൂപ്പുകൾ ഉള്ള പുരുഷ സിംഗിൾസിൽ രണ്ടു ഗ്രൂപ്പുകളിലാണ് നാലു പേരുള്ളത്.
വനിതാ ഡബിൾസിൽ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-താനിഷ ക്രാസ്റ്റോ സഖ്യം ഗ്രൂപ്പ് സിയിൽ രണ്ടാം മത്സരവും തോറ്റു.
സാത്വിക്-ചിരാഗ്
പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക്സായിരാജ് രങ്കറെഡ്ഢി സഖ്യം ക്വാർട്ടറിൽ. ഒളിമ്പിക്സിൽ ആദ്യമായാണ് ഇന്ത്യൻ പുരുഷ ഡബിൾസ് ടീം ക്വാർട്ടറിലെത്തുന്നത്. നാലു ടീമുകളുള്ള ഗ്രൂപ്പ് സിയിൽ ഇന്ത്യൻ സഖ്യം ആദ്യ മത്സരം ജയിച്ചിരുന്നു. കൂടാതെ ഗ്രൂപ്പിലെ ജർമൻ ടീം മാർക്ക് ലാംസ്ഫുസ്-മാർവിൻ സീഡൽ സഖ്യം പിന്മാറി. ഇതോടെ ഇന്ത്യൻ സഖ്യം ക്വാർട്ടറിലെത്തി.
ലാംസ്ഫുസിന്റെ പരിക്കാണ് പിന്മാറ്റത്തിനിടയാക്കിയത്. ഗ്രൂപ്പിലെ ഫ്രഞ്ച് ടീം രണ്ടു മത്സരവും തോൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ ടീമിനെ നേരിടും.