സൂര്യദിനം
Saturday, July 27, 2024 4:18 AM IST
കൊളംബൊ: ഇന്ത്യൻ പുരുഷ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ക്യാപ്റ്റനായി സൂര്യകുമാർ യാദവിന് ഇന്ന് അരങ്ങേറ്റം. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സര ട്വന്റി-20യിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ബിസിസിഐ ക്യാപ്റ്റൻസി സൂര്യക്കു നൽകിയതെന്നതാണു ശ്രദ്ധേയം. ഇന്ത്യ x ശ്രീലങ്ക മൂന്നു മത്സര പരന്പരയിലെ ആദ്യ മത്സരം ഇന്നു രാത്രി ഏഴിന് പല്ലേക്കെല്ലയിൽ നടക്കും.
ഋഷഭ് പന്ത് ടീമിലുള്ള സ്ഥിതിക്ക് മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ ഇടംലഭിക്കുമോ എന്നതിനും ആളുകൾ കാത്തിരിക്കുന്നു. സിംബാബ്വെ പര്യടനത്തിൽ ലഭിച്ച അവസരം മുതലാക്കിയാണ് സഞ്ജു ശ്രീലങ്കയിലെത്തിയിരിക്കുന്നത്.
സൂര്യകുമാർ യാദവ് ഇതിനു മുന്പ് ഏഴു ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റനായിട്ടുണ്ട്. അതിൽ അഞ്ചിൽ ജയിച്ചു, രണ്ട് തോൽവി വഴങ്ങി. സൂര്യകുമാറിന്റെ ഔദ്യോഗിക ക്യാപ്റ്റൻസിക്കൊപ്പം മുഖ്യപരിശീലകനായി ഗൗതം ഗംഭീറിന്റെ അരങ്ങേറ്റ പരന്പരകൂടിയാണിത്.