സ്പെയിൻ x ഫ്രാൻസ് സെമി ഫൈനൽ രാത്രി 12.30ന്
Tuesday, July 9, 2024 12:56 AM IST
മ്യൂണിക്: കൊടുങ്കാറ്റിനു മുന്പുള്ള ശാന്തതയാണ് മ്യൂണിക്കിലെ അല്ലിയൻസ് ഫുട്ബോൾ അരീനയിൽ ഇപ്പോൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30ന് ഇവിടെ കൊടുങ്കാറ്റടിക്കും, ഫുട്ബോൾ കൊടുങ്കാറ്റ്. പന്തുമായുള്ള റൈഡുകളിൽ ഗാലറി ആർത്തിരന്പും... കൊടിക്കൂറകൾ പാറിപ്പറക്കും, ഡ്രമ്മുകൾ മുഴങ്ങും... ഗോളടിക്കാനും അടിപ്പിക്കാതിരിക്കാനും രണ്ട് ദേശക്കാർ, രണ്ടു ഭാഷക്കാർ തമ്മിൽ പച്ചപ്പുൽമൈതാനത്ത് തീപ്പൊരി പാറിക്കും... 105 മീറ്റർ നീളവും 68 മീറ്റർ വീതിയുമുള്ള പുൽത്തകിടി അതോടെ യുദ്ധ ഭൂമികയായി മാറും...
അതെ, 2024 യുവേഫ യൂറോ കപ്പ് ഫുട്ബോളിന്റെ ആദ്യ സെമി ഫൈനൽ ഇന്ന് അർധരാത്രി 12.30ന് മ്യൂണിക്കിലെ അല്ലിയൻസ് അരീനയിൽ. യൂറോപ്യൻ വൻശക്തികളായ സ്പെയിനും ഫ്രാൻസും തമ്മിലാണ് പോരാട്ടം. 2024 യൂറോ കപ്പ് കിരീടത്തിനുള്ള ആദ്യ ഫൈനലിസ്റ്റ് ആരെന്നു നിശ്ചയിക്കുന്ന മാസ്റ്റർ ക്ലാസ് കൊന്പുകോർക്കൽ...
സ്പെയിൻ x ഫ്രാൻസ്
യൂറോ, ലോകകപ്പ് പോരാട്ട വേദികളിലെ ഗ്രൂപ്പ് ഘട്ടം മുതൽ ഫൈനൽവരെയുള്ള എല്ലാ റൗണ്ടിലും ഏറ്റുമുട്ടുന്ന മൂന്നാമത് ടീമുകളാണ് ഫ്രാൻസും സ്പെയിനും. ഇറ്റലി x സ്പെയിൻ, ഇംഗ്ലണ്ട് x ജർമനി പോരാട്ടങ്ങളാണ് ഇതിനു മുന്പ് യൂറോയിലും ലോകകപ്പിലും വിവിധ റൗണ്ടുകളിൽ അരങ്ങേറിയിട്ടുള്ളത്. 1996ൽ ഗ്രൂപ്പ് ഘട്ടത്തിലും 2006ൽ പ്രീക്വാർട്ടറിലും 2000, 2012 എഡിഷനുകളിൽ ഫൈനലിലും സ്പെയിനും ഫ്രാൻസും യൂറോ വേദിയിൽ മുന്പ് നേർക്കുനേർ ഇറങ്ങിയിരുന്നു.
ഈ യൂറോയിൽ ഇതുവരെ കളിച്ച അഞ്ചു കളിയിലും ജയം സ്വന്തമാക്കിയ ഏക ടീമാണ് സ്പെയിൻ. യുവേഫ യൂറോ കപ്പ് ചരിത്രത്തിൽ തുടർച്ചയായി ആറു മത്സരം ജയിച്ച ഒരു ടീം പോലുമില്ല. സെമിയിൽ ഫ്രാൻസിനെ കീഴടക്കാൻ സാധിച്ചാൽ സ്പെയിനിനു ചരിത്രം കുറിക്കാമെന്നു ചുരുക്കം. ആറാം തവണയാണ് സ്പെയിൻ യൂറോ കപ്പ് സെമിയിൽ എത്തുന്നത്.
യൂറോയിൽ ഫീൽഡ് ഗോളില്ലാതെ സെമിയിലെത്തിയ ടീമാണ് ഫ്രാൻസ്. ഗ്രൂപ്പ് ഘട്ടത്തിൽ പോളണ്ടിനെതിരേ (1-1) സമനില നേടിയപ്പോൾ മാത്രമാണ് ഫ്രാൻസ് സ്വന്തമായി ഗോൾ നേടിയത്, അതാകട്ടെ പെനാൽറ്റിയിലൂടെയും. യൂറോയിൽ ഫ്രാൻസിന്റെ അഞ്ചാം സെമിയാണ്.
യൂറോ, ലോകകപ്പ് വേദികളിൽ ഫ്രാൻസും സ്പെയിനും നേർക്കുനേർ ഇറങ്ങുന്ന ആറാമത് പോരാട്ടമാണ് ഇന്ന് അരങ്ങേറുക. ഇതിൽ ആദ്യ മൂന്നു മത്സരങ്ങളിൽ ഫ്രാൻസിനായിരുന്നു ജയം. 1984 ഫൈനൽ (2-0), 2000 യൂറോ ക്വാർട്ടർ (2-1), 2006 ലോകകപ്പ് പ്രീക്വാർട്ടർ (3-1) എന്നീ പോരാട്ടങ്ങളിൽ ഫ്രാൻസ് ജയം സ്വന്തമാക്കി. 1996 യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമും 1-1 സമനിലയിൽ പിരിഞ്ഞു. 2012 യൂറോ ക്വാർട്ടറിൽ (2-0) സ്പെയിനിനായിരുന്നു ജയം.
യമാൽ x എംബപ്പെ
സ്പാനിഷ് കൗമാര പ്രതിഫ ലമെയ്ൻ യമാലും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ ശ്രദ്ധാകേന്ദ്രം. യൂറോയിൽ ഇതുവരെ 14 ചാൻസുകൾ യമാൽ തുറന്നെടുത്തു. 2012ൽ ചാവി (25 ചാൻസ്) നടത്തിയതിനുശേഷം ഒരു സ്പാനിഷ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.
ഒരു കൗമാര താരം യൂറോ, ലോകകപ്പ് ചരിത്രത്തിൽ തുറന്നെടുക്കുന്ന ഏറ്റവും കൂടുതൽ അവസരം എന്ന റിക്കാർഡും പതിനാറുകാരനായ യമാലിനു സ്വന്തം.
മൂക്കിനു പരിക്കറ്റതുമുതൽ കിലിയൻ എംബപ്പെ തിരിച്ചടികളിലൂടെയാണ് ഈ യൂറോ കപ്പിൽ സഞ്ചരിക്കുന്നത്. 20 ഷോട്ട് ഇതുവരെ തൊടുത്തെങ്കിലും ഒരു പെനാൽറ്റി ഗോൾ മാത്രമാണ് എംബപ്പെയുടെ പേരിലുള്ളതെന്നതും ശ്രദ്ധേയം.
സ്പെയിൻ
ഗ്രൂപ്പ് ബി
സ്പെയിൻ 3-0 ക്രൊയേഷ്യ
സ്പെയിൻ 1-0 ഇറ്റലി
സ്പെയിൻ 1-0 അൽബേനിയ
പ്രീക്വാർട്ടർ
സ്പെയിൻ 4-1 ജോർജിയ
ക്വാർട്ടർ ഫൈനൽ
സ്പെയിൻ 2-1 ജർമനി
ഫ്രാൻസ്
ഗ്രൂപ്പ് ഡി
ഫ്രാൻസ് 1- 0ഓസ്ട്രിയ
ഫ്രാൻസ് 0-0 നെതർലൻഡ്സ്
ഫ്രാൻസ് 1-1 പോളണ്ട്
പ്രീക്വാർട്ടർ
ഫ്രാൻസ് 1- 0 ബെൽജിയം
ക്വാർട്ടർ ഫൈനൽ
ഫ്രാൻസ് 0 (5)-0 (3) പോർച്ചുഗൽ