കളി വൈകിക്കാൻ ശ്രമിച്ചെന്ന്
Wednesday, June 26, 2024 12:39 AM IST
സെന്റ് വിൻസന്റ്: അഫ്ഗാനിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിൽ സെമിസാധ്യതകൾ നിരവധി തവണയാണു മാറിമറഞ്ഞത്.
മഴ കളി മുടക്കിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമം മത്സരഫലം നിശ്ചയിക്കുമോ എന്ന് തോന്നിപ്പിച്ച ഘട്ടം വരെയുണ്ടായി.
മത്സരത്തിനിടെ അത്തരത്തിൽ കളി അനുകൂലമാക്കാൻ അഫ്ഗാൻ കോച്ച് ജോനാഥൻ ട്രോട്ടും കളിക്കാരും മനഃപൂർവം കളി വൈകിക്കാൻ ശ്രമിച്ചെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ മുന്നിട്ടുനിൽക്കുന്ന സന്ദർഭത്തിലാണ് ഈ ഇടപെടൽ.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കളിയുടെ 12-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് 81/7 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തിൽ ചെറിയ മഴ പെയ്യാനും തുടങ്ങി. പിന്നാലെ പരിശീലകൻ ഗുൽബാദിൻ നയ്ബിനോടു മത്സരം വൈകിക്കാൻ ആംഗ്യം കാണിച്ചു.
നയ്ബ് പെട്ടെന്നുതന്നെ പരിക്കുണ്ടെന്നു പറഞ്ഞ് മൈതാനത്തു കിടന്നു. ആ ഘട്ടത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാൻ രണ്ടു റണ്‍സിനു മുന്നിലായിരുന്നു. 83 ആയിരുന്നു പാർ സ്കോർ.
അടുത്ത പന്തിൽ ബംഗ്ലാദേശ് ബൗണ്ടറി നേടിയാൽ പാർ സ്കോറിൽ ബംഗ്ലാദേശ് മുന്നിലെത്തും. അതിനാൽ കളി മനഃപൂർവം വൈകിച്ച് മത്സരം അനുകൂലമാക്കാനാണു പരിശീലകൻ ട്രോട്ട് ഇടപെട്ടതെന്നാണ് ഉയരുന്ന ആരോപണം.