യുഎസ് സൂപ്പർ എട്ടിലേക്ക്? പാക് പട പെട്ടു!
Saturday, June 8, 2024 2:38 AM IST
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പ്രവചനങ്ങൾ കാറ്റിൽപറത്തി സഹആതിഥേയരായ യുഎസ്എയുടെ മിന്നൽ പ്രകടനം. ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യമത്സരത്തിൽ കാനഡയെ ഏഴ് വിക്കറ്റിനു കീഴടക്കിയ അമേരിക്ക, രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ സൂപ്പർ ഓവറിൽ അഞ്ച് റണ്‍സിനു തോൽപ്പിച്ചു.
ഇതോടെ രണ്ട് മത്സരങ്ങളിൽനിന്ന് നാല് പോയിന്റുമായി അമേരിക്ക ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി. രണ്ട് ജയം നേടിയെങ്കിലും നെറ്റ് റണ്‍റേറ്റിൽ യുഎസ്എ (+0.626) ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാനായ ഇന്ത്യക്കു (+3.065) പിന്നിലാണ്.
പാക്കിസ്ഥാൻ, കാനഡ, അയർലൻഡ് ടീമുകൾ ഓരോ തോൽവി വഴങ്ങിക്കഴിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഗ്രൂപ്പിലെ സൂപ്പർ പോരാട്ടം. അമേരിക്കയോട് പരാജയപ്പെട്ട പാക്കിസ്ഥാന് നാളെ ഇന്ത്യക്കെതിരേ ഇറങ്ങുന്പോൾ ജയം അനിവാര്യം.
ഇന്ത്യക്കെതിരേ തോറ്റാൽ പാക്കിസ്ഥാന്റെ സൂപ്പർ എട്ട് സ്വപ്നം പൊലിയാനാണ് സാധ്യത. കാരണം, രണ്ട് ജയം നേടിയ അമേരിക്ക സൂപ്പർ എട്ടിലേക്കുള്ള കുതിപ്പിലാണ്.
ഇന്ത്യക്കെതിരേ ജൂണ്‍ 12നും അയർലൻഡിന് എതിരേ 14നുമാണ് അമേരിക്കയുടെ ശേഷിക്കുന്ന മത്സരങ്ങൾ. അദ്ഭുതങ്ങൾ തുടർന്ന് അമേരിക്ക ലോകകപ്പ് സൂപ്പർ എട്ടിൽ ഇടംപിടിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷ.
ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് സൂപ്പർ എട്ടിലേക്ക് ടിക്കറ്റ് ലഭിക്കുന്നത്.