ജോക്കോവിച്ച്, സ്വരേവ് ക്വാർട്ടറിൽ
Wednesday, June 5, 2024 1:08 AM IST
പാരീസ്: ലോക ഒന്നാം നന്പർ പുരുഷതാരം നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ക്വാർട്ടർ ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ 6-1 5-7, 3-6, 7-5, 6-3നാണ് ജോക്കോവിച്ച് അർജന്റീനയുടെ ഫ്രാൻസിസ്കോ സെറുണ്ടൊലോയെ തോൽപ്പിച്ചത്.
മൂന്നാം റൗണ്ട് മത്സരം കഴിഞ്ഞ് വെറും 36 മണിക്കൂറിന്റെ ഇടവേളയിലാണ് ജോക്കോവിച്ച് പ്രീക്വാർട്ടർ മത്സരത്തിനിറങ്ങിയത്. നാലു മണിക്കൂറും 39 മിനിറ്റുമാണ് അർജന്റൈൻതാരത്തിനെതിരേ മത്സരം നീണ്ടത്. ഗ്രാൻസ്ലാം ടൂർണമെന്റിൽ സെർബിയൻ താരത്തിന്റെ 370-ാം ജയമാണ്. ഇതോടെ റോജർ ഫെഡററുടെ 369 ജയമെന്ന റിക്കാർഡും ലോക ഒന്നാം നന്പർ മറികടന്നു.
വലതു കാൽമുട്ടിൽ ടേപ്പ് ചുറ്റിയാണ് ജോക്കോവിച്ച് മത്സരത്തിനെത്തിയത്. രണ്ടാം സെറ്റിനു മുന്‍പ് ആ കാലിന് ചികിത്സയും വേണ്ടിവന്നു. കാസ്പർ റൂഡാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി. ടെയ്ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തിയാണ് റൂഡ് ക്വാർട്ടറിലെത്തിയത്.
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിൽ അലക്സാണ്ടർ സ്വരേവ് 4-6, 6-1, 5-7, 7-6(7-2), 6-2ന് ഹോൾഗർ റൂണിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി.
ഷ്യാങ്ടെക് സെമിയിൽ
ലോക ഒന്നാം നന്പറും നിലവിലെ വനിതാ സിംഗിൾസ് ജേതാവുമായ ഇഗാ ഷ്യാങ്ടെക് സെമി ഫൈനലിൽ. ക്വാർട്ടറിൽ ലോക ഒന്നാം നന്പർതാരം 6-0, 6-2ന് ചെക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രുസോവയെ പരാജയപ്പെടുത്തി.
കൊക്കൊ ഗഫാണ് സെമിയിൽ ഷ്യാങ്ടെക്കിന്റെ എതിരാളി. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ ടൂണീഷ്യയുടെ ഒണ്‍സ് ജബേറെ തോൽപ്പിച്ചാണ് ഗഫ് സെമിയിലെത്തിയത്. സ്കോർ: 4-6, 6-2, 6-3.