ചാന്പ്യൻസ് ആഘോഷം
Monday, May 13, 2024 12:46 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ ചാന്പ്യന്മാരായ റയൽ മാഡ്രിഡ് കിരീട ആഘോഷം നടത്തി. 36-ാം ലാ ലിഗ കിരീടം ഉറപ്പാക്കിയശേഷം ഗ്രനാഡയ്ക്കെതിരേ ഇറങ്ങിയ റയൽ മാഡ്രിഡ് 4-0ന്റെ എവേ ജയം സ്വന്തമാക്കി. ബ്രാഹിം ഡിയസ് (49’, 58’) ഇരട്ട ഗോൾ നേടിയപ്പോൾ ഫ്രാൻ ഗാർസ്യ (38’), അർദ ഗുലർ (45+2’) എന്നിവരും റയലിനായി വലകുലുക്കി. 35-ാം റൗണ്ടിൽ ജയം സ്വന്തമാക്കിയതോടെ റയലിന്റെ പോയിന്റ് സന്പാദ്യം 90ൽ എത്തി.
മോഡ്രിച്ചേ പോകല്ലേ...
ഗ്രനാഡയ്ക്കെതിരായ ജയത്തിനുശേഷം റയൽ മാഡ്രിഡ് ടീം ലാ ലിഗ ട്രോഫിയുമായി നഗരപ്രദിക്ഷണം നടത്തി. മാഡ്രിഡിൽ ആരാധകരും വൻ ആഘോഷത്തിലായിരുന്നു. ലൂക്ക മോഡ്രിച്ചിനോട് ക്ലബ് വിട്ടുപോകരുതെന്ന് ആരാധകർ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി.
2024 ജൂണ്‍ 30വരെ മാത്രമാണ് മോഡ്രിച്ചിന് റയലുമായി കരാറുള്ളത്. ഫ്രഞ്ച് താരം കിലിയൻ എംബപ്പെയെക്കുറിച്ചുള്ള ചോദ്യത്തിന് ചാന്പ്യൻസ് ലീഗ് ഫൈനലിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത് എന്നായിരുന്നു റയൽ പരിശീലകൻ കാർലോ ആൻസിലോട്ടിയുടെ മറുപടി.