ഇവാന് വുകോമനോവിച്ചില്നിന്ന് ബ്ലാസ്റ്റേഴ്സ് പിഴ ഈടാക്കിയതായി റിപ്പോര്ട്ട്
Wednesday, May 8, 2024 1:06 AM IST
കൊച്ചി: മുന് പരിശീലകന് ഇവാന് വുകോമനോവിച്ചില്നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒരു കോടി രൂപ പിഴ ഈടാക്കിയതായി റിപ്പോര്ട്ട്. കഴിഞ്ഞ സീസണില് ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തിലെ ഇറങ്ങിപ്പോകല് വിവാദത്തിലാണ് നടപടി. കോര്ട്ട് ഓഫ് ആര്ബിട്രേഷന് ക്ലബ് നല്കിയ അപ്പീലിലാണ് പിഴ ചുമത്തിയ വിവരമുള്ളത്.
ബംഗളൂരു എഫ്സിക്കെതിരായ പ്ലേ ഓഫ് മത്സരത്തില് നിന്ന് ടീം പിന്മാറുകയും എഐഎഫ്എഫ് വലിയ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു. പരിശീലകനും പിഴ ചുമത്തി. റഫറിയുടെ വിവാദ തീരുമാനത്തില് പ്രതിഷേധിച്ചാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെതിരായ പ്ലേ ഓഫ് മത്സരം ബഹിഷ്കരിച്ചത്.
സംഭവത്തെ തുടര്ന്ന് ബ്ലാസ്റ്റേഴ്സ് ടീമിന് നാല് കോടി രൂപ പിഴയും കോച്ചിന് അഞ്ച് ലക്ഷം രൂപ പിഴയും 10 കളികളില് വിലക്കുമാണ് അഖിലേന്ത്യാ ഫുട്ബോള് ഫെഡറേഷന് ശിക്ഷ വിധിച്ചത്.
പിഴയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നല്കിയ അപ്പീല് കോര്ട്ട് ഓഫ് ആര്ബിട്രേഷന് ഫോര് സ്പോര്ട്സ് തള്ളിയിരുന്നു. സാധാരണഗതിയില് ടീമിനുള്ള പിഴ ക്ലബ് ഉടമകളാണ് വഹിക്കാറുള്ളത്.
എന്നാല് പരിശീലകന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വുകോമനോവിച്ചില്നിന്ന് ഒരു കോടി രൂപ ഈടാക്കിയതെന്നാണ് റിപ്പോര്ട്ടുകള്. ഇതേക്കുറിച്ചുണ്ടായ തര്ക്കമാണ് ഇവാന് വുകോമനോവിച്ചിന്റെ രാജിക്ക് കാരണമായതെന്നും സൂചനകളുണ്ട്.