ജോക്കോ, ബോണ്മതി ലോക താരങ്ങൾ
Wednesday, April 24, 2024 1:20 AM IST
മാഡ്രിഡ്: 2024ലെ ഏറ്റവും മികച്ച കായിക താരങ്ങൾക്കുള്ള ലോറസ് പുരസ്കാരം സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനും സ്പാനിഷ് ഫുട്ബോളർ ഐറ്റാന ബോണ്മതിക്കും. കായിക മേഖലയിലെ ഓസ്കർ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണ് ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്.
കായിക ലോകത്തിലെ ഏറ്റവും മികച്ച പുരുഷ താരമായാണ് 24 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുള്ള ജോക്കോവിച്ച് തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫിഫ വനിതാ ലോകകപ്പ് ജേതാക്കളായ സ്പാനിഷ് ടീം അംഗമാണ് ഐറ്റാന ബോണ്മതി. 2023 ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും ഇരുപത്താറുകാരിയായ ബോണ്മതിക്കായിരുന്നു.
അത്ലറ്റുകളായ ജമൈക്കയുടെ ഷെറിക്ക ജാക്സണ്, കെനിയയുടെ ഫെയ്ത് കിപ്യേഗോണ്, അമേരിക്കയുടെ ഷാകാരി റിച്ചാർഡ്സണ്, പോളിഷ് ടെന്നീസ് താരം ഇഗ ഷ്യാങ്ടെക്, അമേരിക്കൻ സ്കീയിംഗ് താരം മൈക്കേല ഷിഫ്രിൻ എന്നിവരെ പിന്തള്ളിയാണ് 2024ലെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബോണ്മതി സ്വന്തമാക്കിയത്.
റിക്കാർഡ് ജോക്കോ
ലോറസ് പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടുന്ന താരം എന്ന റിക്കാർഡിന് ഒപ്പം ജോക്കോവിച്ച് എത്തി. അഞ്ചാം തവണയാണ് ജോക്കോവിച്ച് പുരസ്കാരത്തിന് അർഹനാകുന്നത്. സ്വിറ്റ്സർലൻഡിന്റെ മുൻ ടെന്നീസ് താരമായ റോജർ ഫെഡററും അഞ്ച് തവണ ലോറസ് പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.