ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ
Saturday, April 6, 2024 1:15 AM IST
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ.
ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.
2024 കലണ്ടർ വർഷത്തിൽ ലീഗിൽ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടിൽ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ എത്തിയിരിക്കുന്നത്.
20 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളിൽ 20 പോയിന്റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.