പന്തോളം ; ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ ഡൽഹി ക്യാപ്പിറ്റൽസിന് 20 റൺസ് ജയം
Monday, April 1, 2024 1:12 AM IST
വിശാഖപട്ടണം: കാറപകടത്തിനുശേഷം ഒരുവർഷത്തിലധികം കളത്തിനു പുറത്തായിരുന്ന ഋഷഭ് പന്തിന് തിരിച്ചുവരവിലെ ആദ്യഅർധസെഞ്ചുറി. ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനായി ചെന്നൈ സൂപ്പർ കിംഗ്സിനെതിരേയായിരുന്നു പന്തിന്റെ അർധസെഞ്ചുറി. 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും അടക്കം പന്ത് 51 റൺസ് നേടി.
ഡേവിഡ് വാർണറും (35 പന്തിൽ 52) പൃഥ്വി ഷായും (27 പന്തിൽ 43) തിളങ്ങിയ മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് 20 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചു. 2024 സീസണിൽ ഡൽഹിയുടെ ആദ്യജയമാണ്.
അജിങ്ക്യ രഹാനെ (30 പന്തിൽ 45), എം.എസ്. ധോണി (16 പന്തിൽ 37 നോട്ടൗട്ട്) എന്നിവരാണ് ചെന്നൈയുടെ ടോപ് സ്കോറർമാർ. സ്കോർ: ഡൽഹി 191/5 (20). ചെന്നൈ 171/6 (20).