ലിവർപൂൾ ചാന്പ്യന്മാർ
Tuesday, February 27, 2024 12:46 AM IST
ലണ്ടൻ: ഈ സീസണോടെ ലിവർപൂൾ വിടുന്ന പരിശീലകൻ യർഗൻ ക്ലോപ്പിന് സീസണിലെ ആദ്യ സമ്മാനം. ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ ലിവർപൂൾ ജേതാക്കളായി. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ലിവർപൂൾ വിർജിൽ വാൻഡിക് എക്സ്ട്രാ ടൈമിൽ നേടിയ ഹെഡറിൽ 1-0നു ചെൽസിയെ തോൽപ്പിച്ചു.
ആവേശകരമായ ഫൈനലിൽ ഇരു ടീമും ആക്രമണവും പ്രത്യാക്രമണവുമായി കളംനിറഞ്ഞു. പലപ്പോഴും കളിക്കാർ തമ്മിൽ പിടിവലിയിൽ വരെ കാര്യങ്ങളെത്തി. വിഎആറിലൂടെ രണ്ടുകൂട്ടർക്കും ഗോളുകളും നിഷേധിക്കപ്പെട്ടു.
90 മിനിറ്റിലും ഗോൾരഹിതമായതോടെ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ 118-ാം മിനിറ്റിൽ കോർണറിൽനിന്നു വന്ന പന്തിന് തലവച്ച് ലിവർപൂൾ ക്യാപ്റ്റൻ പന്ത് വലയിലാക്കി.
പത്താം ലീഗ് കപ്പുമായി ലിവർപൂൾ കിരീട നേട്ടക്കണക്കിലെ ഒന്നാം സ്ഥാനം ഉയർത്തി. എട്ടു ലീഗ് കപ്പുള്ള മാഞ്ചസ്റ്റർ സിറ്റിയാണു രണ്ടാമത്.