ജോ റൂട്ടിന്റെ സെഞ്ചുറിയിൽ ഇംഗ്ലണ്ട്
Saturday, February 24, 2024 12:41 AM IST
റാഞ്ചി: നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ജയം റാഞ്ചി പരന്പര സ്വന്തമാക്കാനുള്ള ഇന്ത്യൻ പ്രതീക്ഷയ്ക്കു മുകളിൽ ഇംഗ്ലണ്ടിന്റെ റൂട്ട് ക്ലിയറാക്കി ജോ റൂട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യദിനം അവസാനിക്കുന്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റണ്‍സ് എടുത്തു. 226 പന്ത് നേരിട്ട് ഒന്‍പത് ഫോറിന്റെ സഹായത്തോടെ 106 റണ്‍സുമായി ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ പോരാട്ടം നയിച്ചത്. റൂട്ടിനൊപ്പം 60 പന്തിൽ 31 റണ്‍സുമായി ഒല്ലി റോബിൻസണും ക്രീസിലുണ്ട്.
ആകാശ് അരങ്ങേറ്റം
ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നൽകി ആകാശ് ദീപിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ റാഞ്ചി ടെസ്റ്റിന് ഇറങ്ങിയത്. മിന്നും ബൗളിംഗുമായി ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റ് ആകാശ് ദീപ് പിഴുതു. 21 പന്തിൽ 11 റണ്‍സ് നേടിയ ബെൻ ഡക്കറ്റിനെ വിക്കറ്റിനു പിന്നിൽ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ചാണ് ആകാശ് കന്നി ടെസ്റ്റ് വിക്കറ്റ് ആഘോഷിച്ചത്. ഒരു പന്തിന്റെ ഇടവേളയിൽ ഒല്ലി പോപ്പിനെ പൂജ്യത്തിനു വിക്കറ്റിനു മുന്നിലും കുടുക്കി. തന്റെ അടുത്ത ഓവറിൽ സാക് ക്രൗളിയെ ആകാശ് ക്ലീൻ ബൗൾഡാക്കി. 42 പന്തിൽ 42 റണ്‍സായിരുന്നു ക്രൗളിയുടെ സന്പാദ്യം. 10 പന്തിന്റെ ഇടവേളയിലായിരുന്നു ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
ജോണി ബെയർസ്റ്റൊ (38) അശ്വിനു മുന്നിൽ കുടുങ്ങിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ (3) ജഡേജ മടക്കി. പൊരുതിനിന്ന ബെൻ ഫോക്സിനെയും (47) ടോം ഹാർട്ട്ലിയെയും (13) മുഹമ്മദ് സിറാജ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഏഴിന് 245. എന്നാൽ, എട്ടാം വിക്കറ്റിൽ റൂട്ടും റോബിൻസണും അഭേദ്യമായ 57 റണ്‍സ് കൂട്ടുകെട്ടുമായി ഒന്നാംദിനം മത്സരം അവസാനിപ്പിച്ചു. റൂട്ടും ഫോക്സും ആറാം വിക്കറ്റിൽ 113 റണ്‍സ് നേടിയതായിരുന്നു ആദ്യദിനത്തെ ഉയർന്ന കൂട്ടുകെട്ട്.
റൂട്ടിന്റെ 10-ാം സെഞ്ചുറി
ജോ റൂട്ട് ഇന്ത്യക്കെതിരേ നേടുന്ന 10-ാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്നലെ റാഞ്ചിയിൽ പിറന്നത്. ഇന്ത്യക്കെതിരേ 10 ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റർ എന്ന റിക്കാർഡും ഇതോടെ റൂട്ട് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് (9) ഇന്ത്യക്കെതിരേ കൂടുതൽ ടെസ്റ്റ് സെഞ്ചുറിയിൽ രണ്ടാമത്.
ടെസ്റ്റ് കരിയറിൽ റൂട്ടിന്റെ 31-ാം സെഞ്ചുറിയാണ്. ടെസ്റ്റിൽ 11,500 റണ്‍സും റൂട്ട് പിന്നിട്ടു. ഇന്നലെ ഏഴ് റണ്‍സ് എടുത്തപ്പോഴായിരുന്നു 11,500ൽ റൂട്ട് എത്തിയത്. മുൻ താരം അലിസ്റ്റർ കുക്ക് (12,472) മാത്രമാണ് റണ്‍ വേട്ടയിൽ റൂട്ടിനു മുന്നിലുള്ള ഏക ഇംഗ്ലീഷുകാരൻ.
ബൗളർ ജയ്സ്വാൾ
ഇന്ത്യ x ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിൽ ഏറ്റവും കൂടുതൽ റണ്‍സ് (545) നേടിയ ജശസ്വി ജയ്സ്വാളിന്റെ ബൗളിംഗിനും ഇന്നലെ റാഞ്ചി സാക്ഷ്യംവഹിച്ചു. ഒന്നാംദിനത്തിലെ അവസാന ഓവറാണ് ജയ്സ്വാൾ എറിഞ്ഞത്. എട്ടാം ടെസ്റ്റ് കളിക്കുന്ന ജയ്സ്വാളിന്റെ കരിയറിലെ കന്നി ഓവറായിരുന്നു. ഒല്ലി റോബിൻസണ്‍ നേടിയ ഒരു ഫോർ അടക്കം ആറ് റണ്‍സ് ലെഗ്സ്പിന്നറായ ജയ്സ്വാൾ വഴങ്ങി.