അശ്വിൻ 500 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാമത് ഇന്ത്യൻ താരം
Saturday, February 17, 2024 1:01 AM IST
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച് ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ. ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത് ഇന്ത്യൻ ബൗളറാണ് അശ്വിൻ. മുൻ സ്പിന്നർ അനിൽ കുംബ്ലെ (619 വിക്കറ്റ്) മാത്രമാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയ ഏക ഇന്ത്യൻ ബൗളർ.
ലോകത്തിൽ 500 വിക്കറ്റ് നേട്ടം പൂർത്തിയാക്കുന്ന ഒന്‍പതാമത് ബൗളറാണ് അശ്വിൻ. ഇംഗ്ലണ്ടിന് എതിരായ രാജ്കോട്ട് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ സാക്ക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിൻ 500 വിക്കറ്റ് തികച്ചത്.
വേഗത്തിൽ രണ്ടാമൻ
ടെസ്റ്റിൽ 500 വിക്കറ്റ് അതിവേഗം നേടുന്നതിൽ രണ്ടാമതും അശ്വിൻ എത്തി. 98-ാം ടെസ്റ്റിലാണ് ഇന്ത്യൻ താരത്തിന്റെ 500 വിക്കറ്റ്. 87 ടെസ്റ്റിൽ 500 വിക്കറ്റ് പിന്നിട്ട ശ്രീലങ്കയുടെ മുൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് അതിവേഗം 500 വിക്കറ്റ് തികച്ചത്.
അശ്വിനെ കൂടാതെ മുത്തയ്യ മുരളീധരൻ, ഓസ്ട്രേലിയയുടെ നഥാൻ ലിയോണ്‍ എന്നിവരാണ് 500 വിക്കറ്റ് ക്ലബ്ബിലുള്ള ഓഫ് സ്പിന്നർമാർ. 500 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത് സ്പിന്നറാണ് അശ്വിൻ എന്നതും ശ്രദ്ധേയം.
മുരളീധരൻ, ഓസ്ട്രേലിയക്കാരൻ ഷെയ്ൻ വോണ്‍, കുംബ്ലെ, ലിയോണ്‍ എന്നിവരാണ് ക്ലബ്ബിലുള്ള മറ്റ് സ്പിന്നർമാർ. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സണ്, സ്റ്റൂവർട്ട് ബ്രോഡ്, ഓസ്ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത്, വെസ്റ്റ് ഇൻഡീസിന്റെ കോർട്ട്നി വാൽഷ് എന്നിവരാണ് ഈ ക്ലബ്ബിലെ ഫാസ്റ്റ് ബൗളർമാർ.
ഷെയ്ൻ വോണ്‍
മത്സരം: 145
വിക്കറ്റ്: 708
ആൻഡേഴ്സൺ
മത്സരം: 185*
വിക്കറ്റ്: 696
കുംബ്ലെ
മത്സരം: 132
വിക്കറ്റ്: 619
ബ്രോഡ്
മത്സരം: 167
വിക്കറ്റ്: 604
മുരളീധരൻ
മത്സരം: 133
വിക്കറ്റ്: 800
ഗ്ലെൻ മഗ്രാത്ത്
മത്സരം: 124
വിക്കറ്റ്: 563
വാൽഷ്
മത്സരം: 132
വിക്കറ്റ്: 519
ലിയോണ്‍
മത്സരം: 127
വിക്കറ്റ്: 517
ആർ. അശ്വിൻ
മത്സരം: 98*
വിക്കറ്റ്: 500