കോഹ്ലി ഇല്ല; ശ്രേയസ് ഔട്ട്
Sunday, February 11, 2024 1:20 AM IST
മുംബൈ: ഇംഗ്ലണ്ടിനെതിരേ ശേഷിക്കുന്ന മൂന്ന് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് സൂപ്പർ താരം വിരാട് കോഹ്ലി വിട്ടുനിൽക്കാൻ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്ന കോഹ്ലിയുടെ തീരുമാനത്തിനു പൂർണപിന്തുണ നൽകി ബിസിസിഐ ഇംഗ്ലണ്ടിനെതിരേ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കി. 15 മുതലാണ് പരന്പരയിലെ മൂന്നാം ടെസ്റ്റ്.
പുറംവേദനയുടെ പിടിയിലുള്ള മധ്യനിര ബാറ്റർ ശ്രേയസ് അയ്യറിനെ ടീമിൽനിന്ന് ഒഴിവാക്കി. അടുത്തനാളിൽ ഫോം കണ്ടെത്താൻ ശ്രേയസിനു സാധിച്ചിരുന്നില്ല.
ജഡേജ, കെ.എൽ. രാഹുൽ
പരിക്കിനെത്തുടർന്ന് രണ്ടാം ടെസ്റ്റിൽ കളിക്കാതിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ബാറ്റർ കെ.എൽ. രാഹുൽ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഫിറ്റ്നസ് തെളിയിച്ചാൽ മാത്രമേ ഇവർക്ക് കളിക്കാൻ സാധിക്കൂ എന്ന് ബിസിസിഐ വ്യക്തമാക്കി. അതുകൊണ്ടുതന്നെ രാഹുലിനു പകരം ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകൻ.
സർഫറാസ് ഖാൻ, രജത് പട്ടീദർ, ധ്രുവ് ജുറെൽ എന്നിവർ ടീമിലെ സ്ഥാനം നിലനിർത്തി. രണ്ടാം ടെസ്റ്റിൽ ഇറങ്ങിയ പട്ടീദറിനു മാത്രമാണ് അരങ്ങേറാൻ അവസരം ലഭിച്ചത്.
പുതുമുഖം ആകാശ് ദീപ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ പേസർ ആകാശ് ദീപാണ് ടീമിലെ ഏക പുതുമുഖം. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ എന്നിവരാണ് പേസ് സംഘത്തിലെ മറ്റുള്ളവർ.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ, രജത് പട്ടീദർ, സർഫറാസ് ഖാൻ, ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിംഗ്ടണ് സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ആകാശ് ദീപ്.