സാഫിൽ സംയുക്ത ജേതാക്കൾ
Saturday, February 10, 2024 12:49 AM IST
ധാക്ക: സാഫ് അണ്ടർ 19 വനിതാ ഫുട്ബോളിൽ ഇന്ത്യയും ആതിഥേയരായ ബംഗ്ലാദേശും കിരീടം പങ്കിട്ടു. വെള്ളിയാഴ്ച നടന്ന ഫൈനലിൽ ടോസിലൂടെ ഇന്ത്യയെ വിജയിയായി ആദ്യം പ്രഖ്യാപിച്ചിരുന്നു.
നിശ്ചിത സമയത്ത് 1-1നും പെനാൽറ്റി ഷൂട്ടൗട്ടിൽ 11-11നും സമനിലയായതോടെയായിരുന്നു വിചിത്രമായ ടോസ് തീരുമാനം. എന്നാൽ, ടോസിലൂടെ കിരീടം നഷ്ടപ്പെട്ട ബംഗ്ലാദേശ് മൈതാനത്ത് ശക്തമായ പ്രതിഷേധം ആരംഭിച്ചു.
ഗാലറിയിൽ കാണികളുടെ പ്രതിഷേധവും അരങ്ങേറി. അർധരാത്രിവരെ നീണ്ട ബംഗ്ലാദേശ് പ്രതിഷേധത്തിനുശേഷം ഇരുടീമിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ട് രണ്ടാം റൗണ്ടും നടത്തണമെന്ന ഫിഫ നിയമത്തിനെതിരായി ആയിരുന്നു ടോസിലൂടെ ആദ്യം ജേതാക്കളെ പ്രഖ്യാപിച്ചത്. അതേസമയം, ടോസിലൂടെ കിരീട ജേതാക്കളെ പ്രഖ്യാപിക്കും എന്ന തീരുമാനത്തെ ആദ്യം എതിർക്കാൻ ഇന്ത്യയോ ബംഗ്ലാദേശോ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയം.