രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു ജയം
Tuesday, February 6, 2024 1:22 AM IST
വിശാഖപട്ടണം: നാലാം ദിനം ജസ്പ്രീത് ബുംറയും ആർ. അശ്വിനും നിറഞ്ഞാടിയപ്പോൾ ബാസ്ബോളേഴ്സ് തോറ്റു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഇംഗ്ലീഷ് പട റണ്‍മല താണ്ടാനാകാതെ മടങ്ങി. 106 റണ്‍സിനാണ് ഇന്ത്യയുടെ ജയം. 399 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 292 റണ്‍സിന് പുറത്തായി.
ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരന്പര സമനിലയിലായി (1-1). സ്കോർ: ഇന്ത്യ-396, 255. ഇംഗ്ലണ്ട്-253, 292. രണ്ട് ഇന്നിംഗ്സിലുമായി ബുംറ ഒന്‍പത് വിക്കറ്റ് (6/45, 3/46) വീഴ്ത്തി. ബുംറയാണു കളിയിലെ താരം. രണ്ടാം ഇന്നിംഗ്സിൽ അശ്വിൻ (3/75) പ്രകടനം നടത്തി.
നാലാം ദിനം 67/1 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് റെഹാൻ അഹ്മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 23 റണ്‍സെടുത്ത റെഹാനെ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെയിറങ്ങിയ ഒലി പോപ്പുമൊത്ത് സാക് ക്രോളി സ്കോർ ബോർഡ് പതിയെ ചലിപ്പിച്ചു.
ബാസ്ബോൾ ശൈലി വ്യക്തമാക്കുന്ന രീതിയിലാണ് ഈ കൂട്ടുകെട്ട് കളിച്ചത്. ഇതിനിടെ, ക്രൗളി 83 പന്തിൽനിന്ന് അർധ സെഞ്ചുറി കടക്കുകയും ചെയ്തു. പോപ്പ് സ്വീപ്പ് ഷോട്ടുകളിലൂടെ ഫോറുകൾ കണ്ടെത്തുകയും ചെയ്തു. സാവധാനം ശക്തമായി മുന്നോട്ടു പോയ ഈ സഖ്യത്തെ അശ്വിൻ പൊളിച്ചു. 21 പന്തിൽ 23 റണ്‍സെടുത്ത പോപ്പ് മടങ്ങി.
പതിവിനു വിപരീതമായി സ്കോറിംഗിന് വേഗം കൂട്ടിക്കൊണ്ടാണു ജോ റൂട്ട് തുടങ്ങിയത്. എന്നാൽ, റൂട്ടിന് അധികനേരം ക്രീസിൽ നിലയുറപ്പിക്കാനായില്ല. 10 പന്തിൽനിന്ന് 16 റണ്‍സെടുത്ത റൂട്ടിനെ അശ്വിൻ അക്ഷറിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലേക്ക് വീണു.
വിക്കറ്റുകൾ വീഴുന്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ സാക് ക്രോളി ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ജോണി ബെയർസ്റ്റോയുമൊത്ത് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ടീം സ്കോർ 194-ൽ നിൽക്കേ ഇരുവരുടെയും വിക്കറ്റ് നഷ്ടമായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.
42-ാം ഓവറിന്റെ അവസാന പന്തിൽ 73 റണ്‍സെടുത്ത സാക് ക്രോളിയെ കുൽദീപ് യാദവ് വിക്കറ്റിനു മുന്നിൽ കുരുക്കി. അടുത്ത ഓവറിൽ ബെയർസ്റ്റോയെ (26 റണ്‍സ്) ബുംറ പുറത്താക്കി. ഉച്ചഭക്ഷണത്തിനു ശേഷം ബെൻ സ്റ്റോക്സ് (11) കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാനാവാതെ റണ്ണൗട്ടായി മടങ്ങി. പിന്നീടിറങ്ങിയ ടോം ഹാർട്ലിയുമൊന്നിച്ച് ബെൻ ഫോക്സ് സ്കോർ 250-കടത്തി.
ഇംഗ്ലീഷ് ക്യാന്പിൽ പ്രതീക്ഷയുടെ ചെറിയ തിരിതെളിഞ്ഞെങ്കിലും ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ സന്ദർശകർ തോൽവി മണത്തു. 36 റണ്‍സെടുത്ത ബെൻ ഫോക്സാണു കൂടാരം കയറിയത്. പിന്നാലെ ക്രീസിലിറങ്ങിയ ഷൊയ്ബ് ബാഷിറിനെ അക്കൗണ്ട് തുറക്കും മുന്‍പ് മുകേഷ് കുമാർ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരത്തിന്റെ കളിലെത്തിച്ചു.
പിന്നാലെ ഹാർട്ലിയെ ക്ലീൻബൗൾഡാക്കി ബുംറ ഇന്ത്യക്കു ജയം സമ്മാനിച്ചു. ഇന്ത്യക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ. മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു.
500ന് ഒരു വിക്കറ്റ് കൂടി
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിനൊപ്പം ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെത്തേടി മറ്റൊരു റിക്കാർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരേ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യക്കാരൻ എന്ന റക്കാർഡാണ് അശ്വിൻ സ്വന്തമാക്കിയത്.
ഇന്ത്യയുടെ മുൻ ലെഗ് സ്പിന്നർ ഭഗവത് ചന്ദ്രശേഖറിന്റെ പേരിലുള്ള (95 വിക്കറ്റ്) റിക്കാർഡാണ് അശ്വിൻ തകർത്തത്. രണ്ടാം ടെസ്റ്റിൽ ഒലി പോപ്പിന്റെ വിക്കറ്റെടുത്തതോടെ അശ്വിന് 96 വിക്കറ്റുകളായി. കളിയിൽ മൂന്നു വിക്കറ്റുകളാണ് അശ്വിൻ നേടിയത്. അനിൽ കുംബ്ലെ (92), ബിഷൻ സിംഗ് ബേദി / കപിൽദേവ് (85), ഇഷാന്ത് ശർമ (67) എന്നിങ്ങനെയാണു മറ്റു ഇന്ത്യൻ ബൗളർമാരുടെ ഇംഗ്ലണ്ടിനെതിരായ പ്രകടനം.
അതേസമയം, ഒരു വിക്കറ്റ്കൂടി നേടിയാൽ മറ്റൊരു റിക്കാർഡ്കൂടി അശ്വിനെ കാത്തിരിക്കുന്നുണ്ട്. ഒരു വിക്കറ്റ്കൂടി നേടിയാൽ ടെസ്റ്റിൽ 500 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാകും.
ആർ. അശ്വിൻ