ബ്ലാസ്റ്റേഴ്സ് തോറ്റു
Saturday, February 3, 2024 1:17 AM IST
ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തോൽവി. എവേ പോരാട്ടത്തിൽ ഒഡീഷ എഫ്സിയോട് 2-1നാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യപകുതിയിൽ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമാണ് കൊന്പന്മാരുടെ തോൽവി. റോയ് കൃഷ്ണ നേടിയ ഇരട്ട ഗോൾ ബലത്തിലാണ് ഒഡീഷയുടെ ജയം. 53, 57 മിനിറ്റുകളിലായിരുന്നു റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്.
മത്സരത്തിന്റെ 11-ാം മിനിറ്റിൽ നിഹാൽ സുധീഷിന്റെ മനോഹര ക്രോസ് വലയിലേക്ക് തിരിച്ചുവിട്ട് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സിനു ലീഡ് നൽകി. ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതിക്കു പിരിഞ്ഞ ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിൽ ഇരട്ടപ്രഹരമേൽപ്പിച്ച് ഒഡീഷ ലീഡ് നേടി.
അതോടെ ഇവാൻ വുകോമനോവിച്ചിന്റെ കുട്ടികളുടെ വീര്യം ചോർന്നു. 65-ാം മിനിറ്റിൽ ഡൈസുകെ സകായിയെ പിൻവലിച്ച് ഇമ്മാനുവൽ ജെസ്റ്റിനെ ഇറക്കിയെങ്കിലും ഫിനിഷിംഗിലെ പോരായ്മ കേരള ബ്ലാസ്റ്റേഴ്സിനെ തോൽവിയിലേക്ക് തള്ളിവിട്ടു.
മൂന്നാം സ്ഥാനത്തേക്ക് വീണു
തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് വീണു. 13 മത്സരങ്ങളിൽനിന്ന് 27 പോയിന്റുമായി ഒഡീഷ എഫ്സി രണ്ടാം സ്ഥാനത്തേക്കെത്തി. ഇത്രയും മത്സരങ്ങളിൽനിന്ന് 26 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിന്.
11 മത്സരങ്ങളിൽ 27 പോയിന്റുള്ള എഫ്സി ഗോവയാണ് ലീഗിന്റെ തലപ്പത്ത്. 11 മത്സരങ്ങളിൽ 22 പോയിന്റുമായി മുംബൈ സിറ്റി നാലാം സ്ഥാനത്തുണ്ട്. 12ന് പഞ്ചാബ് എഫ്സിക്ക് എതിരേ കൊച്ചിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.