കാണികൾക്കു കാണേണ്ടതു കളിയല്ല; വസ്ത്രവും മുടിയും: ദിവ്യ ദേശ്മുഖ്
Tuesday, January 30, 2024 11:34 PM IST
ന്യൂഡൽഹി: ചെസ് മത്സരത്തിനിടെ കാണികളിൽനിന്നു സഭ്യമല്ലാത്ത പെരുമാറ്റം നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ ചെസ് താരം ദിവ്യ ദേശ്മുഖ്.
കളിയെ കാണുന്നതിനു പകരം വസ്ത്രം, മുടി, സംസാരശൈലി എന്നിവയിലാണു കാണികളുടെ ശ്രദ്ധയെന്നു താരം തുറന്നടിച്ചു. അടുത്തിടെ നെതർലൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സിനിടെ നേരിട്ട അനുഭവത്തെപ്പറ്റിയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
വനിതാ താരങ്ങൾ പതിവായി നേരിടുന്ന സ്ത്രീവിരുദ്ധത നിറഞ്ഞ കാര്യങ്ങളെക്കുറിച്ചുള്ള ദീർഘമായ പോസ്റ്റ് സാമൂഹിക മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു ദിവ്യ ദേശ്മുഖ്. ചെസിലെ സ്ത്രീകളെ കാണികൾ നിസാരമായി കാണുന്നതു സംബന്ധിച്ചും പതിനെട്ടുകാരിയായ ഏഷ്യൻ ചാന്പ്യൻ വ്യക്തമാക്കി.
ടൂർണമെന്റ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു ഞാനിതു പറയാൻ. ചെസിലെ സ്ത്രീകളെ പലപ്പോഴും നിസാരമായാണു കാണികൾ കാണുന്നത്.
വ്യക്തിഗത തലത്തിൽ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഈ ടൂർണമെന്റിലാണ്. ചില മികച്ച ഗെയിമുകൾ ടൂർണമെന്റിൽ കളിച്ചു. അവയിൽ അഭിമാനിക്കുന്നു. എന്റെ വസ്ത്രം, മുടി, സംസാരം തുടങ്ങിയുള്ള അപ്രസക്തമായ കാര്യങ്ങളിലാണു കാണികളുടെ ശ്രദ്ധ- ദിവ്യ പറഞ്ഞു.
പുരുഷന്മാരെ, അവരുടെ കളിയുടെ അടിസ്ഥാനത്തിലാണു വിലയിരുത്തുക. എന്നാൽ സ്ത്രീകളെ, ചെസ് ബോർഡിൽ അവരുടെ കളിയുമായി ഒരു ബന്ധവുമില്ലാത്ത വശങ്ങൾവച്ചാണു വിലയിരുത്തുക. തന്റെതായി വരുന്ന അഭിമുഖങ്ങളിൽ ഗെയിമിനെക്കുറിച്ചല്ലാതെ പറയുന്ന കാര്യങ്ങളെയാണ് ആളുകൾ കൂടുതൽ ചർച്ചയ്ക്കെടുക്കുന്നത്. ഗെയിം സംബന്ധിച്ച പറച്ചിലുകൾ വളരെ കുറച്ചു പേർ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും ദിവ്യ ദേശ്മുഖ് വ്യക്തമാക്കി.
കായികരംഗത്ത് സ്ത്രീയുടെ ശന്പള സ്കെയിലിൽ മാത്രമാണ് പുരോഗതിയുണ്ടായിട്ടുള്ളത്. വനിതാ താരങ്ങൾക്ക് പൊതുവേ, അർഹിച്ച പരിഗണന ലഭിക്കുന്നില്ല. എന്നാൽ, പുരുഷതാരങ്ങൾക്ക് ഈ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല. സ്ത്രീകൾക്ക് ഇവ ദിവസേന അഭിമുഖീകരിക്കേണ്ടിവരുന്നുവെന്നും അവർ വ്യക്തമാക്കി.