ഷമാർ ഷോ; ഓസ്ട്രേലിയയ്ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസിനു ജയം
Monday, January 29, 2024 2:38 AM IST
ബ്രിസ്ബെയ്ൻ: പരിക്കേറ്റ പേസർ ഷമാർ ജോസഫിന്റെ തകർപ്പൻ ബൗളിംഗ് മികവിൽ വെസ്റ്റ് ഇൻഡീസ് ഓസ്ട്രേലിയയിൽ ചരിത്രജയം സ്വന്തമാക്കി. ആദ്യ സ്പില്ലിൽത്തന്നെ ഏഴു വിക്കറ്റ് വീഴ്ത്തിയാണു ഷമാർ ഓസീസിനെ തകർത്തത്. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരന്പരയിൽ ബ്രിസ്ബെയ്നിലെ ഗാബയിൽ നടന്ന രണ്ടാം മത്സരത്തിൽ എട്ടു റണ്‍സ് ജയത്തോടെ ചരിത്രമെഴുതിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസിന്റെ യുവനിര.
27 വർഷത്തിനു ശേഷമാണു വിൻഡീസ് ഓസ്ട്രേലിയൻ മണ്ണിൽ ഒരു ടെസ്റ്റ് ജയിക്കുന്നത്. 1997-ൽ പെർത്തിലായിരുന്നു വിൻഡീസിന്റെ ഓസീസ് മണ്ണിലെ അവസാന ടെസ്റ്റ് ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരന്പര 1-1ന് സമനിലയിലായി. ഓസ്ട്രേലിയയ്ക്കെതിരായ പരന്പരയ്ക്ക് ഷമാർ ജോസഫ് ഉൾപ്പെടെ നാലു പുതുമുഖങ്ങളുമായി ദുർബലമായ യുവനിരയുമായാണെത്തിയത്.
അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ വെറും മൂന്നു ദിവസംകൊണ്ട് മത്സരം തോറ്റ വിൻഡീസിൽനിന്ന് ഇതേ പ്രകടനമാണു ഗാബയിലെ ഡേ-നൈറ്റ് ടെസ്റ്റിലും പ്രതീക്ഷിച്ചത്. എന്നാൽ, ഷമാറിന്റെ പേസാക്രമണത്തിനു മുന്നിൽ ഓസീസിന് അടിപതറി. 216 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ 207 റണ്‍സിന് വിൻഡീസ് എറിഞ്ഞിട്ടു.
ഏഴു വിക്കറ്റുകൾ വീഴ്ത്തി ആഞ്ഞടിച്ച യുവതാരം ഷമാർ ജോസഫാണു വിൻഡീസിന് ആവേശജയം സമ്മാനിച്ചത്. അരങ്ങേറ്റ പരന്പരയിൽ തന്നെ പരന്പരയുടെ താരമാകാനും ഷമാറിനായി. മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ഷമാറിനുതന്നെ. 91 റണ്‍സുമായി ഓസീസ് ഓപ്പണർ സ്റ്റീവ് സ്മിത് പുറത്താകാതെനിന്നു.
സ്കോർ: വെസ്റ്റ് ഇൻഡീസ് - 311, 193, ഓസ്ട്രേലിയ - 289/9 ഡിക്ലയേർഡ്, 207.
കാമറൂണ്‍ ഗ്രീനും (42), മിച്ചൽ സ്റ്റാർക്കും (21) മാത്രമാണ് ഓസീസ് നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ശനിയാഴ്ച രാത്രി കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഷമാർ റിട്ടയർ ഹർട്ടായിരുന്നു. പന്തെറിഞ്ഞുമില്ല. ഇന്നലെ 45 മിനിറ്റാണ് ഷമാർ പന്തെറിഞ്ഞത്. രണ്ടു വിക്കറ്റിന് 113 റണ്‍സ് എന്ന നിലയിൽനിന്ന് ഓസീസ് പെട്ടെന്ന് നാലിന് 113 റണ്‍സ് എന്ന നിലയിലേക്കു വീണു. 42 റണ്‍സുമായി നിന്ന കമറൂണ്‍ ഗ്രീനിനെ ക്ലീൻബൗൾഡാക്കിയതിനു പിന്നാലെ ട്രാവിസ് ഹെഡിനെ നേരിട്ട ആദ്യ പന്തിൽതന്നെ മികച്ചൊരു യോർക്കറിലൂടെ ഷമാർ കുറ്റിതെറിപ്പിച്ചു. രണ്ട് ഇന്നിംഗ്സിലും ഹെഡ് ഗോൾഡൻ ഡക്കായി. ഇതിനിടെ സ്മിത്ത് അർധ സെഞ്ചുറിയും തികച്ചു.
മിച്ചൽ മാർഷായിരുന്നു (10) ഷമാറിന്റെ അടുത്ത ഇര. മാർഷ് പുറത്താകുന്പോൾ ഓസീസ് ജയത്തിന് 84 റണ്‍സ് അകലെയായിരുന്നു. വൈകാതെ തന്നെ അലക്സ് കാരിയുടെ വിക്കറ്റും ഷമാർ തെറിപ്പിച്ചു. മിച്ചൽ സ്റ്റാർക്ക് (21), പാറ്റ് കമ്മിൻസ് (2), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും ഷമാർ സ്വന്തമാക്കി. അൽസാരി ജോസഫ് രണ്ടും ജസ്റ്റിൻ ഗ്രീവ്സ് ഒരു വിക്കറ്റും വീഴ്ത്തി.
ഷമാർ പ്രതാപം
ഷമാർ ജോസഫ് എന്ന വെസ്റ്റ് ഇൻഡീസ് യുവതാരം ഇന്ന് ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമാണ്. ബാറ്റുകൊണ്ടും ബോളുകൊണ്ടും കംഗാരുക്കളെ ഞെട്ടിച്ച ഇരുപത്തിനാലുകാരൻ 27 വർഷത്തെ ചരിത്രമാണ് അരങ്ങേറ്റ മത്സരത്തിൽ തിരുത്തിക്കുറിച്ചത്.
ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു തവണ അഞ്ചു വിക്കറ്റ് നേട്ടം. ഒരു ഇന്നിംഗ്സിലെ ഒരു സ്പെല്ലിൽ നിന്നുമാത്രം ഏഴു വിക്കറ്റുകൾ. പരിക്ക് വകവയ്ക്കാതെ വേദന കടിച്ചമർത്തി പൊരുതി നേടിയ നേട്ടം ശക്തരായ ഓസീസിനെതിരേയെന്നതാണു ശ്രദ്ധേയം. വിൻഡീസിന്റെ പ്രതാപകാലം ഓർമിപ്പിക്കപ്പെടുന്ന തീപാറും പന്തുകൾ പതിച്ചത് റിക്കാർഡുകൾ കടപുഴക്കി.