ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്ന് ഹൈദരാബാദിൽ
Thursday, January 25, 2024 1:25 AM IST
ഹൈദരാബാദ്: സൂപ്പർ ബാറ്റർ വിരാട് കോഹ്ലി വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുന്നു, വിക്കറ്റിനു പിന്നിൽ കെ.എൽ. രാഹുൽ ആയിരിക്കില്ലെന്ന് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ്, കോഹ്ലിക്കു പകരമായി ആദ്യ രണ്ട് ടെസ്റ്റിൽ രജത് പാട്ടീദാർ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടു. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുന്പോൾ ഇന്ത്യൻ ടീം ക്യാന്പിലെ പ്രധാന വാർത്തകൾ ഇവയാണ്.
വിരാട് കോഹ്ലിയുടെ അഭാവത്തിൽ ഇന്ത്യൻ മധ്യനിരയിലെ ബലഹീനത മുതലാക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാൽ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവർ കോഹ്ലി ഇല്ലാത്തതിന്റെ ക്ഷീണം നികത്താനുള്ള തയാറെടുപ്പിലാണ്. മാത്രമല്ല, കഴിഞ്ഞ 12 വർഷത്തിനിടെ ഹോം ടെസ്റ്റ് സീരീസിൽ ഇന്ത്യയെ വീഴ്ത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. ഇന്ത്യക്ക് ഹോം സ്വീറ്റ് ഹോമാണെന്നു ചുരുക്കം...
ഡെയ്ഞ്ചറസ് ഇന്ത്യ
2012ൽ അലിസ്റ്റർ കുക്കിന്റെ ഇംഗ്ലണ്ടാണ് ഇന്ത്യയിൽ അവസാനമായി ടെസ്റ്റ് പരന്പര സ്വന്തമാക്കിയ ടീം. കഴിഞ്ഞ 12 വർഷത്തിനിടെ 16 ടെസ്റ്റ് സീരീസുകളാണ് ഇന്ത്യൻ ടീം സ്വദേശത്ത് സ്വന്തമാക്കിയത്. അതിൽ ഏഴ് പരന്പരകൾ തൂത്തുവാരുകയായിരുന്നു. ഇക്കാലത്തിനിടെ 44 ടെസ്റ്റ് കളിച്ചതിൽ വെറും മൂന്ന് എണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 1980കളിലെ വെസ്റ്റ് ഇൻഡീസിനും 1998-2007 കാലഘട്ടത്തിലെ ഓസ്ട്രേലിയയ്ക്കും സമാനമാണ് ഇന്ത്യയുടെ ഹോം പ്രകടനം എന്നതും കണക്കുകൾ തെളിയിക്കുന്നു.
ജഡേജ + അശ്വിൻ
ഹോം ടെസ്റ്റ് പരന്പരകളിൽ ഇന്ത്യയുടെ ഈ ആധികാരിക ജയത്തിനു പ്രധാന കാരണം സ്പിൻ സഖ്യമായ രവീന്ദ്ര ജഡേജയും ആർ. അശ്വിനുമാണ്. 2012നു ശേഷം 21 ശരാശരിയിൽ അശ്വിനും ജഡേജയും ചേർന്ന് 500 വിക്കറ്റ് വീഴ്ത്തി. ഇന്ന് ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇറങ്ങുന്പോഴും ജഡേജ-അശ്വിൻ സഖ്യമാണ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിക്കുക. കാരണം, ആദ്യ ടെസ്റ്റ് നടക്കുന്ന ഹൈദരാബാദിലെ രാജീവ്ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിത്തിലെ പിച്ച് സ്പിന്നിനെ അനുകൂലിക്കും എന്നാണ് കരുതപ്പെടുന്നത്.
ബാസ്ബോൾ ഇംഗ്ലണ്ട്
ബെൻ സ്റ്റോക്സ്-ബ്രണ്ടൻ മക്കല്ലും കൂട്ടുകെട്ടിലൂടെയാണ് ബാസ്ബോൾ ക്രിക്കറ്റ് ഉദയം ചെയ്തത്. സ്പിന്നിനെ നേരിട്ട് ബാസ്ബോൾ ശൈലിക്ക് ക്ഷീണം തട്ടാതിരിക്കാനുള്ള വഴിയാണ് ഇംഗ്ലണ്ട് തേടുന്നത്. പാക്കിസ്ഥാനിൽ 3-0ന് ടെസ്റ്റ് പരന്പര നേടിയതിന്റെ ആത്മവിശ്വാസവും ഇംഗ്ലണ്ടിനുണ്ട്.
ബാസ്ബോൾ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമായിരുന്ന ഹാരി ബ്രൂക്കിന്റെ അഭാവം ഇംഗ്ലണ്ടിനു ക്ഷീണമാകുമോയെന്നു കണ്ടറിയണം. ഹാരി ബ്രൂക്കിനു പകരം ഡാൻ ലോറൻസ് ഇംഗ്ലീഷ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.