കേരളം-ഉത്തർപ്രദേശ് രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ
Tuesday, January 9, 2024 1:28 AM IST
ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ നടന്ന കേരളം-ഉത്തർപ്രദേശ് രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ കലാശിച്ചു. 383 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടുവിക്കറ്റിന് 72 റണ്‍സ് എന്ന നിലയിൽ നിൽക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
സ്കോർ: യുപി: 302, 323/3 ഡി. കേരളം: 243,72/2
കേരളത്തിനെതിരെ ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അങ്കിത് രജ്പുത് ആണ് പ്ലെയർ ഓഫ് ദി മാച്ച്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 219 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് സെഞ്ചുറി നേടിയ ആര്യൻ ജൂയലിനെ (115) തുടക്കത്തിലേ നഷ്ടമായി. സെഞ്ചുറി നേടിയ പ്രിയം ഗാർഗ് (106) പുറത്തായതോടെ യുപി രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് കൃഷ്ണപ്രസാദിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. എന്നാൽ രോഹൻ കുന്നുമ്മലും രോഹൻ പ്രേമും നിലയുറപ്പിച്ച് കളിച്ചു. 42 റണ്‍സെടുത്താണ് രോഹൻ കുന്നുമ്മൽ പുറത്തായത്. രോഹൻ പ്രേമും (29) സച്ചിൻ ബേബിയും (ഒന്ന്) പുറത്താകാതെ നിന്നു.