പരാഗിന് അതിവേഗ സെഞ്ചുറി
Tuesday, January 9, 2024 1:28 AM IST
റായ്പുർ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി സ്വന്തമാക്കി ആസാം ക്യാപ്റ്റൻ റിയൻ പരാഗ്.
എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഛത്തീസ്ഡഡിനെതിരേയുള്ള മത്സരത്തിലാണ് പരാഗിന്റെ മിന്നുന്ന സെഞ്ചുറി പിറന്നത്. 56 പന്തിൽനിന്നാണ് ആസാം നായകൻ സെഞ്ചുറി പൂർത്തിയാക്കിയത്. 87 പന്തിൽനിന്ന് 155 റണ്‍സാണു താരം നേടിയത്. 11 ഫോറുകളും 12 സിക്സറുകളും അടങ്ങിയതാണ് ഇന്നിംഗ്സ്.
രഞ്ജി ട്രോഫിയിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയിട്ടുള്ളത് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. 2016ൽ ജാർഖണ്ഡിനെതിരേ 48 പന്തിൽ നിന്നാണു പന്ത് സെഞ്ചുറി നേടിയത്. മത്സരത്തിൽ ആസാമിനെ ഇന്നിംഗ്സ് തോൽവിയിൽ നിന്ന് രക്ഷിച്ചത് പരാഗിന്റെ സെഞ്ചുറി പ്രകടനമാണ്.
ആദ്യ ഇന്നിംഗ്സിൽ ഛത്തീസ്ഗഡ് 327 റണ്‍സ് നേടിയപ്പോൾ ആസാം 154 റണ്‍സിന് പുറത്തായിരുന്നു. ഫോളോ ഓണ്‍ ചെയ്ത ആസാമിനെ പൊരുതാവുന്ന സ്കോറിലെത്തിക്കുകയായിരുന്നു പരാഗിന്റെ ഒറ്റയാൾ പ്രകടനം. മത്സരത്തിൽ ആസാം 10 വിക്കറ്റിനു പരാജയപ്പെട്ടു.