ഷമി ലോകകപ്പ് കളിച്ചത് പരിക്കുമായി
Sunday, December 31, 2023 12:31 AM IST
ന്യൂഡൽഹി: ഇന്ത്യൻ പേസർ മുഹമ്മദ് ഷമി ഏകദിന ക്രിക്കറ്റ് ലോകകപ്പ് കളിച്ചത് ഗുരുതര പരിക്കുമായെന്നു റിപ്പോർട്ട്.
ഇടതുകാലിലെ മടന്പിനു പരിക്കുമായാണു ഷമി ലോകകപ്പ് മുഴുവൻ കളിച്ചതെന്നും വേദന മാറുന്നതിനായി ഓരോ മത്സരത്തിനു മുന്പും താരം കുത്തിവയ്പ് എടുക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (24) വീഴ്ത്തിയ ബൗളറും ഷമിയായിരുന്നു. ബംഗാൾ ടീമിലെ ഷമിയുടെ മുൻ സഹതാരത്തെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തുവരുന്നത്. “ഷമിയുടെ ഇടതുകാലിലെ മടന്പിനു പ്രശ്നമുണ്ട്.
ലോകകപ്പ് മുഴുവൻ അദ്ദേഹം സ്ഥിരമായി കുത്തിവയ്പെടുത്തതും ടൂർണമെന്റ് മുഴുവൻ വേദനയോടെ കളിച്ചതും പലർക്കും അറിയില്ല. പ്രായമാകുന്തോറും വലിയ പരിക്കിൽനിന്നു സുഖം പ്രാപിക്കാൻ കൂടുതൽ സമയമെടുക്കും”, ഇതായിരുന്നു ഷമിയുടെ സഹതാരത്തിന്റെ പ്രതികരണം.
പരിക്ക് കാരണമാണ് ഇപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരന്പരയിൽ ഷമിക്കു കളിക്കാൻ സാധിക്കാത്തത്. ഷമിയുടെ അഭാവം ഇന്ത്യൻ ബൗളിംഗിനെ വല്ലാതെ ബാധിക്കുന്നുണ്ട്.