നീരജ് വസന്തം
Saturday, December 30, 2023 12:22 AM IST
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യതാരം എന്ന ചരിത്രം നീരജ് ചോപ്രയ്ക്കു സ്വന്തം. ബുഡാപെസ്റ്റിൽ അരങ്ങേറിയ 2023 ലോക ചാന്പ്യൻഷിപ് ഫൈനലിൽ 88.17 മീറ്റർ ജാവലിൻ പായിച്ചാണ് നീരജ് ചോപ്ര ചരിത്രസ്വർണം സ്വന്തമാക്കിയത്. ഒളിന്പിക്സിലും ലോക ചാന്പ്യൻഷിപ്പിലും പുരുഷ ജാവലിൻത്രോയിൽ സ്വർണം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് നീരജ് ചോപ്ര. 2023 ഡയമണ്ട് ലീഗിൽ ദോഹയിലും ലൊസെയ്നിലും നീരജ് സ്വർണം സ്വന്തമാക്കിയിരുന്നു.
ഏഷ്യൻ ഗെയിംസ്
ഹാങ്ഝൗ വേദിയായ 19-ാം ഏഷ്യൻ ഗെയിംസിൽ ആതിഥേയരായ ചൈന മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമായി 107 മെഡലുകളോടെ ഇന്ത്യ നാലാം സ്ഥാനം നേടി. ഏഷ്യാഡ് മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സർവകാല റിക്കാർഡാണിത്.
പാരാ ഗെയിംസ്
ഏഷ്യൻ ഗെയിംസിനു പിന്നാലെ ഹാങ്ഝൗവിൽ അരങ്ങേറിയ ഏഷ്യൻ പാരാ ഗെയിംസിൽ ചൈന (521 മെഡൽ) ഒന്നാം സ്ഥാനം നേടി. ഇന്ത്യ 111 മെഡലുകളുമായി നാലാം സ്ഥാനക്കാരായി. പാരാ ഗെയിംസിലെ ഇന്ത്യയുടെ റിക്കാർഡ് മെഡൽ നേട്ടമാണിത്.
ഏഷ്യൻ അത്ലറ്റിക്സ്
ബാങ്കോക്ക് വേദിയായ ഏഷ്യൻ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ 16 സ്വർണമടക്കം 37 മെഡൽ നേടി ജപ്പാൻ ഒന്നാം സ്ഥാനം നേടി. 27 മെഡലുകളുമായി (6 സ്വർണം, 12 വെള്ളി, 9 വെങ്കലം) ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ വിദേശത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണിത്.
ദേശീയ ഗെയിംസ്
ഗോവ വേദിയായ ദേശീയ ഗെയിംസിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനം നേടി. 80 സ്വർണമുൾപ്പെടെ 228 മെഡലുകൾ നേടിയാണു മഹാരാഷ്ട്ര ജേതാക്കളായത്. 36 സ്വർണം, 24 വെള്ളി, 27 വെങ്കലം എന്നിവയോടെ കേരളം 5-ാം സ്ഥാനം നേടി.