മുംബൈയിൽ രോഹിത് ‘ബാറ്റ് ചെയ്യും’
Thursday, December 21, 2023 12:31 AM IST
ദുബായ്: 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് താരലേലത്തിനിടെയും രോഹിത് ശർമയ്ക്കായി ആരാധകർ സോഷ്യൽ മീഡിയയിൽ ബാറ്റ് ചെയ്തു.
ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത്തിനെ തിരിച്ചു കൊണ്ടുവരണമെന്നതാണ് മുംബൈ ഇന്ത്യൻസ് ആരാധകരുടെ ഏറ്റവും വലിയ ആവശ്യം. മുംബൈയെ അഞ്ച് ഐപിഎൽ കിരീടത്തിൽ എത്തിച്ച ക്യാപ്റ്റനായ രോഹിത്തിനെ മാറ്റി, 2024 സീസണിൽ ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയിരുന്നു.
രോഹിത്തിനായുള്ള ആരാധകരുടെ ആവശ്യത്തോട് മുംബൈ ഇന്ത്യൻസ് ഉടമയായ ആകാശ് അംബാനിയും ഐപിഎൽ ലേല ദിനത്തിൽ പ്രതികരിച്ചു എന്നതാണ് ശ്രദ്ധേയം. രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിക്കുക എന്ന ആരാധകരുടെ ആവശ്യത്തോട് ആകാശ് അംബാനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘പേടിക്കേണ്ട, രോഹിത് ബാറ്റ് ചെയ്യും’. ക്യാപ്റ്റൻ സ്ഥാനത്തേക്ക് രോഹിത്തിന് ഒരു തിരിച്ചുവരവില്ല എന്ന് അടിവരയിടുന്നതാണ് ആകാശിന്റെ ഈ വാക്കുകൾ.
രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ മുംബൈ ഇന്ത്യൻസിന്റെ ഫോളോവേഴ്സിൽ കുത്തനെ ഇടിവുണ്ടായി എന്നതും ശ്രദ്ധേയം. 1.32 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന മുംബൈക്ക് നിലവിൽ 1.23 കോടി ഫോളോവേഴ്സ് മാത്രമാണുള്ളത്.
ചെന്നൈയിൽ രോഹിത്തിന് ‘ഇടമില്ല’
ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയപ്പോൾ അദ്ദേഹം ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തുമെന്ന് ചില അഭ്യൂഹങ്ങൾ പ്രചരിച്ചു.
എം.എസ്. ധോണിക്ക് പിൻഗാമിയായി ഒരു ക്യാപ്റ്റൻ ചെന്നൈ സൂപ്പർ കിംഗ്സിന് ഇല്ലെന്നതായിരുന്നു ഈ പ്രചരണത്തിനു കാരണം. രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കാൻ ചെന്നൈ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടിരുന്നു.
രോഹിത്തിനെ ചെന്നൈ സ്വന്തമാക്കുമെന്നും ക്യാപ്റ്റനാക്കുമെന്നുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി. ചെന്നൈ സൂപ്പർ കിംഗ്സ് അധികൃതർ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചതോടെയാണിത്. ‘ഞങ്ങൾക്ക് കളിക്കാരെ കൈമാറ്റം ചെയ്യുന്ന രീതിയില്ല. മുംബൈ ഇന്ത്യൻസിനു നൽകാനും വാങ്ങാനും കളിക്കാരുമില്ല’- ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. തലൈവർ ധോണിയാണ് സിഎസ്കെയ്ക്ക് എല്ലാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാർദിക് പാണ്ഡ്യയെ നല്ലൊരു ക്യാപ്റ്റനാക്കി മാറ്റുന്നതിനായി രോഹിത് ശർമയുടെ ഉപദേശം കളത്തിൽ മുംബൈക്ക് ആവശ്യമാണെന്നാണ് മുംബൈ ഇന്ത്യൻസ് ഗ്ലോബൽ ഹെഡ് ഓഫ് ക്രിക്കറ്റ് മഹേല ജയവർധന അറിയിച്ചത്. സച്ചിൻ തെണ്ടുൽക്കർ ചെയ്തതിനു സമാനമായ റോളിലാണ് രോഹിത് ഇപ്പോഴുള്ളതെന്നും ജയവർധന കൂട്ടിച്ചേർത്തു.