നഗ്നപാദനായി ഖ്വാജ
Friday, December 15, 2023 12:07 AM IST
ഇസ്രയേൽ-പലസ്തീൻ വിഷയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യ സൂചകമായി തന്റെ ഷൂവിൽ ‘എല്ലാ ജീവനും തുല്യമാണ്’ എന്നെഴുതി ഇറങ്ങാൻ സാധിച്ചില്ലെങ്കിലും പ്രതിഷേധം മറ്റൊരു രീതിയിൽ രേഖപ്പെടുത്തി ഓസീസ് ക്രിക്കറ്റ് ടീം ഓപ്പണിംഗ് ബാറ്റർ ഉസ്മാൻ ഖ്വാജ.
ഐസിസി നിയമപ്രകാരം കളിക്കാർ വ്യക്തിപരമായ അഭിപ്രായങ്ങൾ കളത്തിൽ പ്രതിനിധാനം ചെയ്യരുത് എന്നുണ്ട്. ഇക്കാരണത്താലാണ് പ്രത്യേക ഷൂ ധരിക്കുന്നതിൽനിന്ന് ഖ്വാജ പിൻവാങ്ങിയത്. രാഷ്ട്രീയ പശ്ചാത്തലത്തിൽനിന്നല്ല, ദുരിതമനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിയാണ് താൻ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നായിരുന്നു ഖ്വാജ മത്സരത്തലേന്ന് പറഞ്ഞത്.
പ്രതിഷേധ സൂചകമായി മത്സരത്തിനു തൊട്ടുമുന്‍പ് നടന്ന അഭിമുഖത്തിൽ നഗ്നപാദനായി ഖ്വാജ എത്തിയതും ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല, പാക്കിസ്ഥാനെതിരായ മത്സരത്തിൽ കറുത്ത ആംബാൻഡ് അണിഞ്ഞായിരുന്നു ഖ്വാജ ക്രീസിലെത്തിയത്. 98 പന്തിൽ 41 റണ്‍സ് നേടിയ ഖ്വാജ, ഡേവിഡ് വാർണറിനൊപ്പം 126 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.