ഓവറുകൾക്കിടയിലെ സമയനഷ്ടം കുറയ്ക്കുന്നതിനു പുതിയ പരീക്ഷണവുമായി ഐസിസി; അഞ്ചു റണ്‍സ് പെനാൽറ്റി
Wednesday, November 22, 2023 12:30 AM IST
അഹമ്മദാബാദ്: ഓവറുകൾക്കിടയിൽ സമയനഷ്ടം കുറയ്ക്കുന്നതിനു പുതിയ പരീക്ഷണവുമായി ഐസിസി. ഓവർ അവസാനിച്ച് 60 സെക്കൻഡിനുള്ളിൽ അടുത്ത ഓവർ തുടങ്ങുന്നതിൽ ഒരു ഇന്നിംഗ്സിനിടെ ബൗളിംഗ് ടീം മൂന്നു തവണ പരാജയപ്പെട്ടാൽ അഞ്ചു റണ്‍സ് പെനാൽറ്റി നൽകാനാണു തീരുമാനം.
2023 ഡിസംബർ മുതൽ 2024 ഏപ്രിൽ വരെയാണ് ഐസിസിയുടെ പുതിയ പരീക്ഷണം. ഏകദിന, ട്വന്റി20 മത്സരങ്ങളിൽ പരീക്ഷണം നടപ്പാക്കും. ഓവറുകൾക്കിടയിൽ എടുക്കുന്ന സമയം അറിയുന്നതിനായി ഒരു ക്ലോക്ക് ഉപയോഗിക്കും.
2022ൽ, സ്ലോ ഓവർ നിരക്കിനെ ചെറുക്കുന്നതിനായി ഐസിസി ഏകദിനത്തിലും ട്വന്റി20യിലും ഇൻ-മാച്ച് പെനാൽറ്റി ഏർപ്പെടുത്തിയിരുന്നു. നിശ്ചിത സമയത്തിനകം ഫീൽഡിംഗ് ടീം അവസാന ഓവർ ആരംഭിക്കുന്നതിൽ പരാജയപ്പെട്ടാൽ, 30-യാർഡ് സർക്കിളിനു പുറത്തുനിന്ന് ഒരു ഫീൽഡറെ പിൻവലിക്കുന്നതായിരുന്നു ശിക്ഷാനടപടി.