തലയെടുപ്പ്; ഓസീസിന് ലോകകിരീടം സമ്മാനിച്ച് ട്രാവിസ് ഹെഡ്
സ്പോർട്സ് ലേഖകൻ
Monday, November 20, 2023 12:58 AM IST
അഹമ്മദാബാദ്: പടിക്കൽ കലമുടഞ്ഞു, തുടർച്ചയായ 10 ജയങ്ങളോടെ ഫൈനലിലെത്തിയ ടീം ഇന്ത്യയുടെ തലതകർത്ത് ഓസ്ട്രേലിയ 2023 ഐസിസി ഏകദിന ലോകകപ്പ് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ടതു മുതൽ തൊട്ടതെല്ലാം പിഴച്ച ഇന്ത്യ ആറ് വിക്കറ്റിനാണ് ഫൈനലിൽ കീഴടങ്ങിയത്, അതും 42 പന്ത് ബാക്കിനിൽക്കേ. സ്കോർ: ഇന്ത്യ 50 ഓവറിൽ 240. ഓസ്ട്രേലിയ 43 ഓവറിൽ 241/4.
സെമിയിൽ ഓൾ റൗണ്ട് പ്രകടനം ഫൈനലിലും ആവർത്തിച്ച ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ടീമിന്റെ വിജയശിൽപ്പി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയിൽ 21 റണ്‍സിന് രണ്ട് വിക്കറ്റ് നേടുകയും 48 പന്തിൽ 62 റണ്‍സ് നേടുകയും ചെയ്ത ഹെഡ് പ്ലെയർ ഓഫ് ദ മാച്ച് ആയി. ഫൈനലിൽ 120 പന്തിൽ 137 റണ്‍സുമായി ചേസിംഗ് മുന്നിൽനിന്ന് നയിച്ച ഹെഡ്, രണ്ട് ഓവറിൽ നാലു റണ്‍സ് മാത്രമായിരുന്നു പന്ത് കൈയിലെടുത്തപ്പോൾ വഴങ്ങിയത്. 11 മീറ്റർ പിന്നോട്ടോടി രോഹിത് ശർമയെ പുറത്താക്കിയ ക്യാച്ച് എടുത്തതും ഹെഡ്.
നഷ്ടപ്പെട്ട ക്യാച്ച്
241 റണ്‍സ് എന്ന ചെറിയ സ്കോറിനായി ക്രീസിലെത്തിയ ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ആദ്യ പന്തിൽതന്നെ ഇന്ത്യ അവസരം നഷ്ടപ്പെടുത്തി. ജസ്പ്രീത് ബുംറയുടെ പന്ത് ഡേവിഡ് വാർണറിന്റെ ബാറ്റിൽ ഉരസി വിരാട് കോഹ്ലിക്കും ശുഭ്മൻ ഗില്ലിനും ഇടയിലൂടെ ബൗണ്ടറി ലൈൻ കടന്നു. ഇരുവർക്കും നോക്കിനിൽക്കാൻ മാത്രമാണ് സാധിച്ചത്. ആദ്യ ഓവറിൽ ബുംറ വഴങ്ങിയത് 15 റണ്‍സ്!
രണ്ടാം ഓവർ എറിയാൻ എത്തിയ മുഹമ്മദ് ഷമിയുടെ ആദ്യ പന്ത് വൈഡ്. എന്നാൽ, റീ ബോളിൽ ഷമി ഡേവിഡ് വാർണറിനെ (7) സ്ലിപ്പിൽ കോഹ്ലിയുടെ കൈകളിലെത്തിച്ചു. 1.30 ലക്ഷം ആരാധകരുടെ ആർത്തിരന്പലിൽ രോമകൂപങ്ങൾ സല്യൂട്ടടിച്ച നിമിഷം... മിച്ചൽ മാർഷ് (15), സ്റ്റീവ് സ്മിത്ത് (4) എന്നിവരെകൂടി പുറത്താക്കാനേ ഇന്ത്യക്കു സാധിച്ചുള്ളു. 47/3 എന്ന സ്കോറിൽനിന്ന് ട്രാവിസ് ഹെഡും മാർനസ് ലബുഷെയ്നും (110 പന്തിൽ 58 നോട്ടൗട്ട്) ക്രീസിൽ ഒന്നിച്ചതോടെ മത്സരം പതുക്കെ ഇന്ത്യയുടെ കൈയിൽനിന്ന് ചോർന്നു.
ഇന്നലെ ബുംറയും മുഹമ്മദ് ഷമിയുമായിരുന്നു ആദ്യ സ്പെൽ. ഇരുവരുടെയും പന്ത് തുടക്കത്തിൽ മികച്ച സ്വിംഗും പേസും നൽകി. ചില പന്തുകൾ കീപ്പറെയും കടന്ന് ബൗണ്ടറിയിലാണ് വിശ്രമിച്ചത്. 17-ാം ഓവറിലാണ് രോഹിത് പന്ത് സിറാജിനെ ഏൽപ്പിച്ചതെന്നതും ശ്രദ്ധേയം.
സ്ലോ പിച്ച്
ടോസ് നേടിയ ബൗളിംഗ് തെരഞ്ഞെടുത്ത കമ്മിൻസ് ഓസീസ് പേസർമാരോട് ഷോട്ട് പിച്ച് പന്ത് എറിയാൻ ആവശ്യപ്പെട്ടു. ഒരറ്റത്ത് പേസും മറുവശത്ത് സ്പിന്നർമാരെയും നിരത്തി ആക്രമിച്ച ഓസീസ് ലക്ഷ്യം കണ്ടു. രോഹിത് ശർമ (31 പന്തിൽ 47) പോയതോടെ റണ്‍ വരണ്ടു. ആദം സാന്പ വിക്കറ്റിനുനേരെ തുടർച്ചയായി പന്തെറിഞ്ഞു. ഒപ്പം പാർട്ട് ടൈം ബൗളർമാരായ ഗ്ലെൻ മാക്സ്വെലിനെയും ട്രാവിസ് ഹെഡിനെയും ഓസീസ് കൃത്യമായി ഉപയോഗിച്ചു. പിച്ച് പഠിച്ച ഓസീസ് ശുഭ്മൻ ഗിൽ (4), ശ്രേയസ് അയ്യർ (4), രവീന്ദ്ര ജഡേജ (9), സൂര്യകുമാർ യാദവ് (18) എന്നിവരെയെല്ലാം കൃത്യമായി പുറത്താക്കി.
വിരാട് കോഹ്ലിയും (63 പന്തിൽ 54) കെ.എൽ. രാഹുലും (107 പന്തിൽ 66) മാത്രമാണ് ഓസീസ് തന്ത്രം അ ല്പ്പമെങ്കിലും അതിജീവിച്ചത്.