മെഗാ മാർഷ്
Sunday, November 12, 2023 1:44 AM IST
പൂന: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ തങ്ങളുടെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കു ജയം. ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനു കീഴടക്കി.
സെമി ഫൈനൽ നേരത്തേ ഉറപ്പാക്കിയ ഓസ്ട്രേലിയയുടെ തുടർച്ചയായ ഏഴാം ജയമാണ്. 132 പന്തിൽ 177 റണ്‍സുമായി പുറത്താകാതെനിന്ന മിച്ചൽ മാർഷാണ് പ്ലെയർ ഓഫ് ദ മാച്ച്. സ്കോർ: ബംഗ്ലാദേശ് 50 ഓവറിൽ 306/8. ഓസ്ട്രേലിയ 44.4 ഓവറിൽ 307/2.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തൗഹിദ് ഹൃദോയ് (79 പന്തിൽ 74), നജ്മുൾ ഹുസൈൻ ഷാന്റൊ (57 പന്തിൽ 45), തൻസിദ് ഹസൻ (34 പന്തിൽ 36) എന്നിവരുടെ മികവിലാണു ബംഗ്ലാ കടുവകൾ 306 റണ്‍സിലെത്തിയത്. ഓസ്ട്രേലിയയ്ക്കുവേണ്ടി ആദം സാംപ, സീൻ ആബട്ട് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
307 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഓസ്ട്രേലിയയ്ക്ക് ട്രാവിസ് ഹെഡിനെ (10) തുടക്കത്തിൽ നഷ്ടപ്പെട്ടു. എന്നാൽ, ഡേവിഡ് വാർണർ (61 പന്തിൽ 53), സ്റ്റീവ് സ്മിത്ത് (64 പന്തിൽ 63 നോട്ടൗട്ട്) എന്നിവർ മിച്ചൽ മാർഷിനൊപ്പം ചേർന്ന് കംഗാരുക്കൾക്കു ജയം സമ്മാനിച്ചു.
ഒന്‍പത് സിക്സും 17 ഫോറും അടങ്ങുന്നതായിരുന്നു മിച്ചൽ മാർഷിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. മാർഷ്-സ്മിത്ത് സഖ്യം മൂന്നാം വിക്കറ്റിൽ 135 പന്തിൽ അഭേദ്യമായ 175 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു.