കരപറ്റി കിവി
Friday, November 10, 2023 1:35 AM IST
ബംഗളൂരു: ഐസിസി 2023 ഏകദിന ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാനുള്ള സാധ്യത 96 ശതമാനമായി വർധിച്ചു. ലീഗ് റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തിൽ ന്യൂസിലൻഡ് അഞ്ചു വിക്കറ്റിനു ശ്രീലങ്കയെ കീഴടക്കിയതോടെയാണിത്.
തുടർച്ചയായ നാലു തോൽവിക്കുശേഷം കിവീസിന്റെ ജയത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ കണ്ടത്. സ്കോർ: ശ്രീലങ്ക 46.4 ഓവറിൽ 171. ന്യൂസിലൻഡ് 23.2 ഓവറിൽ 172/5.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന്റെ തീപാറുന്ന ഏറിനു മുന്നിൽ ലങ്കയുടെ മുൻനിര നിലംപരിശായി. പതും നിസാങ്ക (2), കുശാൽ മെൻഡിസ് (6), സധീര സമരവിക്രമ (1), ചരിത് അസലങ്ക (8) എന്നിവർ പുറത്തായപ്പോൾ ലങ്കൻ സ്കോർ 8.2 ഓവറിൽ 70/4. 28 പന്തിൽ രണ്ടു സിക്സും ഒന്‍പത് ഫോറും അടക്കം 51 റണ്‍സ് നേടിയ കുശാൽ പെരേരയാണു ലങ്കൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
91 പന്തിൽ 38 റണ്‍സുമായി പുറത്താകാതെ നിന്ന മഹേഷ് തീക്ഷണയും 48 പന്തിൽ 19 റണ്‍സ് നേടിയ ദിൽഷൻ മധുശങ്കയുമാണു ശ്രീലങ്കൻ സ്കോർ 171ൽ എത്തിച്ചത്. ന്യൂസിലൻഡിനുവേണ്ടി ട്രെന്റ് ബോൾട്ട് 10 ഓവറിൽ 37 റണ്‍സ് വഴങ്ങി മൂന്നും മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര, ലോക്കീ ഫെർഗൂസണ് എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.
സച്ചിനെ പിന്തള്ളി രചിന്
പേരിനൊപ്പമുള്ള ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ റിക്കാർഡ് പഴങ്കഥയാക്കി ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര. സച്ചിൻ-രാഹുൽ ദ്രാവിഡ് എന്നിവരുടെ പേര് ചേർത്താണു മകന് രചിൻ എന്നു മാതാപിതാക്കൾ പേരിട്ടത്. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന 25 വയസിൽ താഴെയുള്ള ബാറ്റർ എന്ന സച്ചിന്റെ (1996ൽ 523 റണ്‍സ്) റിക്കാർഡാണ് രചിൻ പിന്തള്ളിയത്. ഈ ലോകകപ്പിൽ ഇതുവരെ രചിൻ 565 റണ്‍സ് നേടി. കന്നി ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് എന്ന ഇംഗ്ലീഷ് താരം ജോണി ബെയർസ്റ്റോയുടെ (2019ൽ 532) റിക്കാർഡും രചിൻ തിരുത്തി.