ഇരട്ട സ്വര്‍ണവുമായി കേരളം
Saturday, November 4, 2023 12:40 AM IST
പനാജി: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ ഇരട്ട സ്വര്‍ണം. നീന്തലില്‍ സജന് പ്രകാശും വനിതകളുടെ തായ്ക്വോണ്ടോയില്‍ മാര്‍ഗരറ്റ് മരിയ റെജിയും കേരള അക്കൗണ്ടില്‍ ഇന്നലെ സ്വര്‍ണമെത്തിച്ചു. 200 മീറ്റര്‍ മെഡ്ലെയിലാണ് സജന്റെ സ്വര്‍ണ നേട്ടം (2:04.57). ഇതോടെ ഗെയിംസില്‍ സജന്റെ സ്വര്‍ണ നേട്ടം മൂന്നായി.
വനിതകളുടെ തായ്ക്വോണ്ടോയില്‍ 67 കിലോയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ജമ്മു കാഷ്മീരിന്റെ അഫ്രിന് ഹൈദറെ ഏകപക്ഷീയമായി പരാജയപ്പെടുത്തിയാണ് മാര്‍ഗറ്റ് സ്വര്‍ണം കരസ്ഥമാക്കിയത്. സെപക്താക്രോ പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തില്‍ കേരളം വെള്ളി നേടി.
വനിതകളുടെ ഹൈജംപില്‍ കേരളത്തിന്റെ ഏയ്ഞ്ചല്‍ പി. ദേവസ്യ (1.74 മീറ്റര്‍) വെങ്കലമണിഞ്ഞു. വൂഷു 70 കിലോ ഫൈറ്റിംഗില്‍ പി.സി. സ്നേഹയും തൌലു ഗുന്ശൂ വിഭാഗത്തില്‍ എന്‍.പി. ഗ്രീഷ്മ വെങ്കലവും സ്വന്തമാക്കി.
ട്രാക്ക് ഇനങ്ങളുടെ അവസാന ദിനമായ ഇന്നലെ ഒരു സ്വര്‍ണം പോലും നേടാന്‍ കേരളത്തിന് സാധിച്ചില്ല.