ശ്രീലങ്കയെയും വീഴ്ത്തി അഫ്ഗാനിസ്ഥാന്
Tuesday, October 31, 2023 1:07 AM IST
പൂന: ലോകകപ്പിലെ കറുത്തകുതിരകളെന്ന് ഒരിക്കൽക്കൂടി തെളിയിച്ച പ്രകടനവുമായി അഫ്ഗാനിസ്ഥാൻ. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി ആധികാരിക ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 241 റണ്‍സിന് എല്ലാവരും പുറത്തായി. അഫ്ഗാൻ 28 പന്ത് ബാക്കിനിൽക്കേ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. ബൗളിംഗിൽ നാലു വിക്കറ്റുമായി തിളങ്ങിയ ഫസലുള്ള ഫറൂഖിയാണു കളിയിലെ താരം. ജയത്തോടെ ആറു പോയിന്റുമായി അഫ്ഗാൻ അഞ്ചാം സ്ഥാനത്തെത്തി.
ഹഷ്മത്തുള്ള ഷാഹിദി (74 പന്തിൽ 58) -അസ്മത്തുള്ള ഒമർസായ് (63 പന്തിൽ 73) കൂട്ടുകെട്ടാണ് അഫ്ഗാന്റെ ജയമുറപ്പിച്ചത്. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 111 റണ്‍സ് അടിച്ചുകൂട്ടി. അഫ്ഗാനായി റഹ്മത് ഷാ 62 റണ്‍സും ഇബ്രാഹിം സർദാൻ 39 റണ്‍സും നേടി. ദിൽഷൻ മധുഷനക ലങ്കയ്ക്കായി രണ്ടു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കായി മുൻനിര ബാറ്റർമാർ ഭേദപ്പെട്ട തുടക്കം സമ്മാനിച്ചെങ്കിലും മധ്യനിര തകർന്നതു തിരിച്ചടിയായി. 46 റണ്‍സ് നേടിയ പതും നിസങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ.
കുശാൽ മെൻഡിസ് (39), സമരവിക്രമ (36), ചരിത് അസലങ്ക (22), എയ്ഞ്ചലോ മാത്യൂസ് (29) എന്നിവർക്കൊക്കെ മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അഫ്ഗാനായി ഫസലുള്ള ഫറൂഖി 34 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.