ഒഡീഷയ്ക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം
Saturday, October 28, 2023 1:33 AM IST
കൊച്ചി: ഗ്രൗണ്ടിൽ തിരികെയെത്തിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയവരവേൽപ്പ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ പോരാട്ടത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തി.
ഒഡീഷയ്ക്കായി മൗറീഷ്യ (15’) ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ ദിമിത്രിയോസ് (66’), അഡ്രിയാൻ ലൂണ (84’) എന്നിവരുടെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജയം നേടിയത്. പെനാൽറ്റി അടക്കം തടഞ്ഞിടുകയും മിന്നും സേവുകളുമായി കളംനിറയുകയും ചെയ്ത ഗോളി സച്ചിൻ സുരേഷിന്റെ കഠിനാധ്വാനവും വിജയത്തിൽ നിർണായകമായി.
വിലക്കു നീങ്ങിയെത്തിയ ഇവാൻ വുകോമനോവിച്ചിന്റെ ചിത്രം ഉൾപ്പെടുത്തിയ കൂറ്റൻ ടിഫോയുമായാണ് ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട മൈതാനത്തെത്തിയത്. ദിമിത്രിയോസിനെ ബെഞ്ചിലിരുത്തി പകരം കെ.പി. രാഹുലിനു വുകോമനോവിച്ച് ആദ്യ ഇലവനിൽ അവസരം നൽകി. പെപ്ര-രാഹുൽ സഖ്യം ആക്രമണം നയിച്ചപ്പോൾ ലൂണ വീണ്ടും മധ്യനിരയിലേക്ക് ഇറങ്ങി. മറുവശത്ത് ലീഗിൽ ഗോളുകൾ അടിച്ചുകൂട്ടുന്ന ജെറി മവിമിങ്താംഗയെ ആക്രമണത്തിന്റെ താക്കോൽ ഏൽപ്പിച്ചാണ് ഒഡീഷ ഇറങ്ങിയത്.
അഹമ്മദ് ജാഹുവും ഡിയോഗോ മൗറിഷ്യോയും സെനഗൽ താരം സെർജിന് മൗർടഡഫളും ഒഡീഷയ്ക്കുവേണ്ടി ആദ്യ ഇലവനിൽ ഇടംപിടിച്ചു.10-ാം മിനിറ്റിൽ ലഭിച്ച സുവർണാവസരം പക്ഷെ മുതലാക്കാൻ രാഹുലിന് സാധിച്ചില്ല.
തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് വല കുലുക്കി ഒഡീഷയുടെ ആദ്യ ഗോൾ. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടിവന്നു. 66-ാം മിനിട്ടിൽ പകരക്കാരൻ ദിമിത്രിയോസിലൂടെ ബ്ലാസ്റ്റേഴ്സ് തിരിച്ചടി നൽകി.
തന്നെ ഫൗൾ ചെയ്തതിനു കിട്ടിയ കിക്ക് ലൂണ സക്കായിക്കു നീട്ടി നൽകി. വണ്ടച്ചിലൂടെ പന്ത് സക്കായി ദിമിത്രിയോസിനു കൈമാറി. പ്രതിരോധനിര തയാറാകും മുന്പുതന്നെ ദിമിത്രിയോസ് ഒഡീഷയുടെ വല കുലുക്കി. 85-ാം മിനിറ്റിൽ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഗോൾ.
ഒഡീഷ ഗോളി അമരീന്ദർ തട്ടി അകറ്റാൻ നോക്കിയ പന്ത് ലഭിച്ച ലൂണ പോസ്റ്റിലേക്ക് അതിവേഗത്തിൽ പായിച്ചു. അമരീന്ദർ വേഗത്തിൽ പോസ്റ്റിലേക്കു മടങ്ങിയെങ്കിലും പന്ത് തടയാൻ സാധിച്ചില്ല. ഇനി നവംബർ നാലിന് ഈസ്റ്റ് ബംഗാളിനെതിരേ അവരുടെ നാട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.