സൂപ്പർ ഡ്യൂപ്പർ
Thursday, October 12, 2023 2:14 AM IST
ലക്നോ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ദക്ഷിണാഫ്രിക്കയും രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും ജയിക്കാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയയും തമ്മിൽ ഇന്ന് സൂപ്പർ ഡ്യൂപ്പർ പോരാട്ടം.
ഐസിസി 2023 ഏകദിന ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിലാണ് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക. ലക്നോയിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണു മത്സരം.
ശ്രീലങ്കയ്ക്കെതിരേ 428 റണ്‍സ് അടിച്ചുകൂട്ടി 102 റണ്‍സ് ജയം നേടി ദക്ഷിണാഫ്രിക്ക എത്തുമ്പോള്‍, ഇന്ത്യക്കെതിരേ 199നു പുറത്തായി ആറ് വിക്കറ്റ് തോൽവി വഴങ്ങിയാണ് ഓസ്ട്രേലിയയുടെ വരവ്.
ഓസീസ് ഫോം
സമീപനാളിൽ ഓസ്ട്രേലിയയുടെ ഏകദിന പ്രകടനം അത്ര മികച്ചതല്ല. ദക്ഷിണാഫ്രിക്ക, ഇന്ത്യ ടീമുകൾക്കെതിരേ ഏകദിന പരന്പര പരാജയപ്പെട്ടശേഷമാണ് ഓസ്ട്രേലിയ ലോകകപ്പ് വേദിയിലെത്തിയത്. അതേസമയം, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ദക്ഷിണാഫ്രിക്ക ഗെയിം പ്ലാൻ മാറ്റിയതിന്റെ ഫലമാണ് ശ്രീലങ്കയ്ക്കെതിരായ ജയം. മൂന്ന് ബാറ്റർമാർ (ക്വിന്റണ്‍ ഡി കോക്ക്, റസീ വാൻഡെർ ഡ്യുസെൻ, എയ്ഡൻ മാർക്രം) ദക്ഷിണാഫ്രിക്കയ്ക്കായി സെഞ്ചുറി നേടി. ലോകകപ്പ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
ലോകകപ്പ് വേദിയിൽ എങ്ങനെ പെരുമാറണമെന്ന് നിശ്ചയമുള്ളവരാണ് ഓസ്ട്രേലിയക്കാർ. ഇന്ന് ഓസ്ട്രേലിയയ്ക്ക് ജയം അനിവാര്യമാണെന്നതും വാസ്തവം.
എന്നാൽ, കഴിഞ്ഞ 10 വർഷമായി ഇരുടീമും തമ്മിൽ ഏറ്റുമുട്ടിയതിൽ മഹാഭൂരിപക്ഷം ജയവും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. 10 വർഷത്തിനിടെ 28 മത്സരങ്ങൾ കളിച്ചപ്പോൾ ദക്ഷിണാഫ്രിക്ക 18 ജയം നേടി. ഓസ്ട്രേലിയ ഒന്‍പത് എണ്ണത്തിൽ വിജയിച്ചപ്പോൾ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
പിച്ച്, സ്റ്റേഡിയം
ലക്നോ ഏകന സ്റ്റേഡിയത്തിൽ ഓസ്ട്രേലിയ ഇതുവരെ കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരേ ഒരു ഏകദിനം കളിച്ചു. അതിൽ ഒന്‍പത് റണ്‍സ് ജയം നേടി. ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ ഹോം ഗ്രൗണ്ടാണ്. ലക്നോ താരങ്ങളായ ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിനും ഓസ്ട്രേലിയയുടെ മാർകസ് സ്റ്റോയിനസിനും അതുകൊണ്ടുതന്നെ ഇത് ഹോം ഗ്രൗണ്ട്.
നേർക്കുനേർ
ആകെ മത്സരം: 108
ദക്ഷിണാഫ്രിക്ക ജയം: 54
ഓസീസ് ജയം: 50
ടൈ: 03
ഫലമില്ല: 01