ഗോൾ സന്തോഷം
Thursday, October 12, 2023 2:14 AM IST
മഡ്ഗാവ്: സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള 77-ാം ദേശീയ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു സന്തോഷത്തുടക്കം. ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരളം 3-0ന് ഗുജറാത്തിനെ കീഴടക്കി.
ക്യാപ്റ്റൻ നിജോ ഗിൽബെർട്ടാണ് കേരളത്തെ മുന്നിൽനിന്നു നയിച്ചത്. മൂന്ന് ഗോളിലും നിജോയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇരട്ട ഗോളുമായി തിളങ്ങിയ അക്ബർ സിദ്ദിഖാണ് കളിയിലെ താരം.
12-ാം മിനിറ്റിൽ നിജോയുടെ അസിസ്റ്റിൽ അക്ബർ സിദ്ദിഖ് കേരളത്തിനു ലീഡ് നൽകി. 33-ാം മിനിറ്റിൽ അക്ബർ സിദ്ദിഖ് നിജോ ഗിൽബെർട്ടിന്റെ അസിസ്റ്റിൽ വീണ്ടും ലക്ഷ്യംകണ്ടു. രണ്ട് മിനിറ്റിനുശേഷം നിജോ ഗിൽബെർട്ടും പന്ത് വലയിലാക്കി. പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നിജോ, ഗുജറാത്ത് ഗോൾ കീപ്പർ ശുഭം ഛൗഹാന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയിലേക്ക് ചിപ്പ് ചെയ്ത് നിക്ഷേപിച്ചു.
രണ്ടാം പകുതിയിൽ ഗോൾ വ്യത്യാസം ഉയർത്താൻ കേരളം ശ്രമിച്ചെങ്കിലും ഗുജറാത്ത് വഴങ്ങിയില്ല. മത്സരം 3-0 എന്ന സ്കോറിൽ കേരളം ജയിച്ചു.
ഗ്രൂപ്പ് എയിൽ തങ്ങളുടെ ആദ്യ മത്സത്തിൽ ഗുജറാത്ത് 2-1ന് ജമ്മു-കാഷ്മീരിനെ തോൽപ്പിച്ചിരുന്നു. നാളെ ജമ്മു-കാഷ്മീരിനെതിരേയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഗുജറാത്തിന്റെ എതിരാളികൾ ആതിഥേയരായ ഗോവയാണ്. ഗ്രൂപ്പിൽ കേരളം, ഗോവ, ഗുജറാത്ത് ടീമുകൾക്ക് മൂന്ന് പോയിന്റ് വീതമായി. ഗോൾ വ്യത്യാസത്തിൽ മറ്റു ടീമുകളെ പിന്തള്ളി കേരളം ഒന്നാം സ്ഥാനത്താണ്.