ഡേവിഡ് മലന്റെ സെഞ്ചുറി മികവില്‍ ഇംഗ്ലീഷ് ജയം
Wednesday, October 11, 2023 12:54 AM IST
ധരംശാല: ഡേവിഡ് മലൻ റണ്‍ മല തീർത്ത് മഹാനായ മത്സരത്തിൽ മിന്നും ജയത്തോടെ ഇംഗ്ലണ്ട്. ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട് 137 റണ്‍സിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു.
ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോട് ഒന്‍പത് വിക്കറ്റ് തോൽവി വഴങ്ങിയ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവാണ് ധരംശാലയിൽ കണ്ടത്. 107 പന്തിൽ 140 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് മലനായിരുന്നു ഇംഗ്ലീഷ് ഇന്നിംഗ്സിന്റെ നട്ടെല്ല്. അതിനുള്ള അംഗീകാരമായ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും മലനു ലഭിച്ചു.
കോഹ്ലിയെ പിന്തള്ളി മലൻ
ധരംശാലയിൽ ഏകദിനത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റിക്കാർഡ് സ്വന്തമാക്കിയാണ് ഡേവിഡ് മലൻ ബാറ്റ് വീശിയത്. 2014ൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യയുടെ വിരാട് കോഹ്ലി 127 റണ്‍സ് നേടിയതായിരുന്നു ധരംശാലയിൽ ഇതുവരെയുണ്ടായിരുന്ന ഉയർന്ന വ്യക്തിഗത സ്കോർ. അഞ്ച് സിക്സും 16 ഫോറും അടക്കം 140 റണ്‍സായിരുന്നു മലന്റെ ബാറ്റിൽനിന്ന് പിറന്നത്.
ഇംഗ്ലണ്ടിനായി വേഗത്തിൽ 1000 ഏകദിന റണ്‍സ് എന്ന നേട്ടത്തിലും മലൻ എത്തി. 21 ഇന്നിംഗ്സിലാണ് മലന്റെ ഈ നേട്ടം. കെവിൻ പീറ്റേഴ്സണ്, ജോനാഥൻ ട്രോട്ട് എന്നിവരും 21 ഇന്നിംഗ്സിൽ 1000 റണ്‍സ് ക്ലബ്ബിലെത്തിയിട്ടുണ്ട്. ഏകദിനത്തിൽ മലന്റെ ആറാം സെഞ്ചുറിയാണ്.
ചരിത്ര റൂട്ട്
68 പന്തിൽ ഒരു സിക്സും എട്ട് ഫോറും ഉൾപ്പെടെ 82 റണ്‍സ് എടുത്ത ജോ റൂട്ടാണ് ഇംഗ്ലീഷ് ഇന്നിംഗ്സിൽ തിളങ്ങിയ മറ്റൊരു ബാറ്റർ. ഓപ്പണിംഗ് വിക്കറ്റിൽ ജോണി ബെയർസ്റ്റൊയും (52), മലനും ചേർന്ന് 17.5 ഓവറിൽ 115 റണ്‍സ് നേടി. ബെയർസ്റ്റോയുടെ 100-ാം ഏകദിനമായിരുന്നു. രണ്ടാം വിക്കറ്റിൽ റൂട്ട്-മലൻ കൂട്ടുകെട്ട് 151 റണ്‍സ് സ്വന്തമാക്കി. അതോടെ 37.2 ഓവറിൽ 266 റണ്‍സ് ഇംഗ്ലീഷ് സ്കോർബോർഡിലെത്തി.
ഇന്നിംഗ്സിനിടെ ഐസിസി ഏകദിന ലോകകപ്പിൽ 900 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കി. ഏകദിനത്തിൽ റൂട്ടിന്റെ 38-ാം അർധസെഞ്ചുറിയാണ്.
ഇംഗ്ലീഷ് കാര്യം
ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ബംഗ്ലാദേശിനെതിരേ 50 ഓവറിൽ നേടിയ 364/9. 2019ൽ അഫ്ഗാനിസ്ഥാനെതിരേ 397/6, ബംഗ്ലാദേശിനെതിരേ 386/6 എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത്.
365 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യം മുന്നില്‍ക്കണ്ട ബംഗ്ലാദേശിനുവേണ്ടി ലിട്ടണ്‍ ദാസ് (76), മുഷ്ഫിക്കർ റഹീം (51), തൗഹിദ് ഹിദ്രോയ് (39) എന്നിവർ മാത്രമാണ് തിളങ്ങിയത്. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
സ്കോര്‍ ബോര്‍ഡ്
ഇംഗ്ലണ്ട്: 364/9 (50)
മലൻ: 140 (107)
റൂട്ട്: 82 (68)
ലിട്ടണ്‍ ദാസ്: 76 (66)
മുഷ്ഫിക്കർ: 51 (64)
ബംഗ്ലാദേശ്: 227 (48.2)
മെഹിദി: 4/71 (8)
ഷൊരിഫുൾ: 3/75 (10)
ടോപ്ലി: 4/43 (10)
വോക്സ്: 2/49 (8)