ടോപ് ക്ലാസ് കിവി
Tuesday, October 10, 2023 1:05 AM IST
ഹൈദരാബാദ്: ഐസിസി ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ നെതർലൻഡ്സിനെ 99 റണ്‍സിനു പരാജയപ്പെടുത്തി. കിവീസ് ഉയർത്തിയ 323 റണ്‍സ് ലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 46.3 ഓവറിൽ 223 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റും 17 പന്തിൽ 36 റണ്‍സും നേടിയ മിച്ചൽ സാന്റ്നറുടെ ഓൾറൗണ്ട് പ്രകടനമാണ് ഓറഞ്ചുപടയെ തകർത്തത്. സാന്റ്നറാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ന്യൂസിലൻഡിന്റെ ഓപ്പണർമാർ മികച്ച തുടക്കം നൽകി. 12.1 ഓവറിൽ 67 റണ്‍സ് നേടിയശേഷമാണ് ഡെവോണ്‍ കോണ്‍വെ (32), വിൽ യംഗ് (70) ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്.
യംഗ്-രചിൻ രവീന്ദ്ര (51) രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തുടർന്ന് നെതർലൻഡ്സ് ബൗളർമാരെ പരീക്ഷിച്ചു. 84 പന്തിൽ 77 റണ്‍സ് രണ്ടാം വിക്കറ്റിൽ ചേർത്തശേഷം മാത്രമേ ഈ കൂട്ടുകെട്ട് പൊളിക്കാൻ ഓറഞ്ചു സംഘത്തിനായുള്ളൂ. 80 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 70 റണ്‍സ് നേടിയ യംഗിനെ വാൻ മീക്രെൻ ഡി ലീഡിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ കിവീസിന്റെ പോരാട്ടം നയിച്ചത് ഡാരെൽ മിച്ചലും (48) രചിൻ രവീന്ദ്രയും ചേർന്ന്. ക്യാപ്റ്റൻ ടോം ലാഥവും (53) ഡാരെൽ മിച്ചലുമായിരുന്നു നാലാം വിക്കറ്റ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചത്. 47 പന്തിൽ 53 റണ്‍സ് ഇവർ നേടി. ഗ്ലെൻ ഫിലിപ്പ്സും മാർക് ചാപ്മാനും വേഗം പുറത്തായെങ്കിലും മിച്ചൽ സാന്റ്നറും മാറ്റ് ഹെൻറിയും (4 പന്തിൽ 10 നോട്ടൗട്ട്) ചേര്‍ന്ന് കിവീസ് സ്കോർ 322ൽ എത്തിച്ചു.
അകെർമാൻ മാത്രം
323 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യത്തിനായി ക്രീസിലെത്തിയ നെതർലൻഡ്സിനുവേണ്ടി പോരാടിയത് കോളിൻ അകെർമാൻ മാത്രം. 73 പന്തിൽ 69 റണ്‍സ് നേടിയ അകെർമാൻ നെതർലൻഡ്സ് ഇന്നിംഗ്സിലെ ടോപ് സ്കോററായി.