വെള്ളത്തിൽ വീണ വെള്ളി!
Monday, October 2, 2023 1:18 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യക്കായി ഗോൾഫ് സ്വർണം നേടുന്ന ആദ്യതാരം എന്ന റിക്കാർഡ് തലനാരിഴയ്ക്ക് അദിതി അശോകിനു നഷ്ടമായി. വനിതാ ഗോൾഫിന്റെ അവസാന റൗണ്ടുവരെ ഒന്നാം സ്ഥാനത്തായിരുന്ന അദിതിക്ക് വെള്ളിയിൽ ഒതുങ്ങേണ്ടിവന്നു.
ആദ്യ മൂന്ന് റൗണ്ടിലും കാര്യങ്ങൾ അദിതിയുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ അവസാന റൗണ്ടിൽ കാറ്റുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങൾ ഇന്ത്യൻ താരത്തിന്റെ സ്വർണ സ്വപ്നം കവർന്നു. എന്നാൽ, ഏഷ്യൻ ഗെയിംസ് ഗോൾഫ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടം അദിതി സ്വന്തമാക്കി. ഗോൾഫിലൂടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇതിനു മുന്പ് മൂന്നു സ്വർണവും മൂന്നു വെള്ളിയും നേടിയെങ്കിലും അതെല്ലാം പുരുഷ വിഭാഗത്തിലായിരുന്നു.
നാലാം റൗണ്ടിൽ അദിതിയുടെ ഒരു ഷോട്ട് വെള്ളത്തിൽ പതിച്ചതോടെ സ്വർണം കൈയിൽനിന്ന് പൂർണമായി വഴുതി. വെള്ളത്തിൽ പതിച്ചാൽ പിന്നീട് സ്വർണം നേടുക എന്നത് അപ്രായോഗികമായ കാര്യമാണ്. അതുപോലെ കാറ്റും പ്രതികൂല ഘടകമായി- മത്സരശേഷം അദിതി പറഞ്ഞു.
നാലാം റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച് തായ്ലൻഡിന്റെ അർപിചയ യുബോൾ സ്വർണത്തിലെത്തി. അണ്ടർ മൈനസ് പാറിന്റെ അടിസ്ഥാനത്തിൽ തായ് താരം മികച്ച പ്രകടനം കാഴ്ചവച്ചു. -17 അണ്ടർ പാറായിരുന്നു അദിതിക്ക്. -19 അണ്ടർ പാറുമായി അർപിചയ യുബോൾ സ്വർണത്തിലെത്തി.
2022 ടോക്കിയൊ ഒളിന്പിക്സിലും അണ്ടർ പാറിന്റെ അടിസ്ഥാനത്തിൽ അദിതിക്ക് മെഡൽ നഷ്ടമായിരുന്നു.
അണ്ടർ പാർ
ഗോൾഫ് ഹോളിൽ പന്ത് എത്തിക്കുന്നതിന് എടുക്കുന്ന അവസരങ്ങളാണ് പാർ എന്നറിയപ്പെടുന്നത്. ഏറ്റവും കുറവ് ശ്രമത്തിലൂടെ ഹോൾ പൂർത്തിയാക്കുകയാണ് മത്സരത്തിന്റെ അടിസ്ഥാനം. നിശ്ചയിക്കപ്പെട്ടതിലും 14 ഷോട്ട് കൂടുതൽ എടുത്താണ് 18 ഹോൾ ഉള്ള മത്സരം പൂർത്തിയാക്കുന്നതെങ്കിൽ 14 -ഓവർ പാർ എന്ന് പറയും. 72 ഹോൾസ് പൂർത്തിയാക്കാൻ 11 ഷോട്ട് കുറവ് എടുത്താൽ 11 - അണ്ടർ പാർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഏറ്റവും മികച്ച അണ്ടർ മൈനസ് പാർ ഉള്ള കളിക്കാരാണ് ജേതാക്കളായി പ്രഖ്യാപിക്കപ്പെടുക.