8.42 മീറ്റർ ജെസ്വിൻ റിക്കാർഡ്
Friday, March 3, 2023 2:10 AM IST
ബെല്ലാരി: മലയാളി താരം എം. ശ്രീശങ്കറിന്റെ പേരിലുള്ള ദേശീയ ലോംഗ്ജംപ് റിക്കാർഡ് ഇനി തമിഴ്നാടിന്റെ ജെസ്വിൻ ആൾഡ്രിനു സ്വന്തം. എഎഫ്ഐ ദേശീയ ഓപ്പണ്‍ ജംപ്സ് പോരാട്ടത്തിൽ മൂന്നാം ശ്രമത്തിൽ 8.42 മീറ്റർ കുറിച്ചാണ് ജെസ്വിൻ റിക്കാർഡിലേക്ക് പറന്നിറങ്ങിയത്. ശ്രീശങ്കറിന്റെ പേരിലുണ്ടായിരുന്ന 8.36 മീറ്റർ എന്ന റിക്കാർഡ് ഇതോടെ പഴങ്കഥയായി.
2020 ടോക്കിയോ ഒളിന്പിക്സ് (8.41), 2022 ലോക ചാന്പ്യൻഷിപ്പ് (8.36) എന്നിവിടങ്ങളിലെ സ്വർണമെഡൽ ജേതാക്കൾ കുറിച്ചതിനേക്കാൾ മികച്ച ദൂരമാണ് ജെസ്വിന്റേത് എന്നതും ശ്രദ്ധേയം. 8.40 മീറ്റർ ദൂരം താണ്ടുന്ന ആദ്യ ഇന്ത്യൻ താരമായി 21കാരനായ ജെസ്വിൻ.
2019നുശേഷം 8.40 മീറ്റർ ക്ലിയർ ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 8.40 മീറ്റർ താണ്ടുന്ന ലോകത്തിലെ അഞ്ചാമൻ മാത്രവുമാണ് ജെസ്വിൻ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ദൂരവും ജെസ്വിന്റേതാണ്.