ഖ്വാജയുടെ വീസ ഓക്കെ
Thursday, February 2, 2023 1:06 AM IST
സിഡ്നി: ഇന്ത്യൻ പര്യടനത്തിനു പുറപ്പെട്ട ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ ഓപ്പണിംഗ് ബാറ്റർ ഉസ്മാൻ ഖ്വാജയ്ക്ക് ആദ്യശ്രമത്തിൽ വീസ നിഷേധിക്കപ്പെട്ടു.
അതോടെ പാക് വംശജനായ ഉസ്മാൻ ഖ്വാജയ്ക്ക് ഓസീസ് ടീമിനൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിക്കാൻ സാധിച്ചില്ല. എന്നാൽ, സംഭവം വൻ വാത്തയായതോടെ വീസ പ്രോസസിംഗ് വേഗത്തിലാക്കുകയും ഉസ്മാൻ ഖ്വാജയ്ക്ക് പച്ചക്കൊടി ലഭിക്കുകയും ചെയ്തു.
ടീമിലെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ഖ്വാജ ഇന്ന് ബംഗളൂരുവിലേക്ക് യാത്രതിരിക്കും. ഈ മാസം ഒന്പതിന് നാഗ്പുരിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനു മുന്പായി ഓസ്ട്രേലിയയുടെ ടീം ക്യാന്പ് ബംഗളൂരുവിലാണ്.
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ നാല് ടെസ്റ്റ് മത്സരങ്ങളാണ്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിസ്റ്റുകളെ നിർണയിക്കുന്ന പോരാട്ടത്തിനാണ് ഇന്ത്യ വേദിയാകുക.
75.56 പോയിന്റ് ശതമാനവുമായി ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ടേബിളിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 58.93 പോയിന്റ് ശതമാനവുമായി ഇന്ത്യ രണ്ടാമതാണ്. പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിലാണ് കിരീട പോരാട്ടം.