വന്നു, കീഴടക്കി...
Monday, January 9, 2023 12:41 AM IST
മഞ്ചേരി: ഐ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ഗോകുലം കേരള വിജയ വഴിയിൽ തിരിച്ചെത്തി. ഒരു സമനിലയ്ക്കും തോൽവിക്കുംശേഷമാണ് ഗോകുലം ജയം സ്വന്തമാക്കുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം 1-0ന് ചർച്ചിൽ ബ്രദേഴ്സിനെ കീഴടക്കി. 80-ാം മിനിറ്റിൽ സെർജിയൊ മെൻഡിയാണ് ഗോകുലത്തിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
സ്പാനിഷുകാരനായ മുഖ്യപരിശീലകൻ ഫ്രാൻസെസ് ബോണെറ്റിന്റെ കീഴിൽ ഗോകുലത്തിന്റെ ആദ്യമത്സരമായിരുന്നു. ഗോൾ സ്വന്തമാക്കിയ സെർജിയൊ മെൻഡി ഈ മാസം ആറിനാണ് ഗോകുലം കേരളയിൽ എത്തിയത്.
ലീഗിൽ 10 മത്സരങ്ങളിൽനിന്ന് 18 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്ത് എത്തി. 10 മത്സരങ്ങളിൽ 22 പോയിന്റുള്ള ശ്രീനിധി ഡെക്കാണ് ആണ് ഒന്നാം സ്ഥാനത്ത്.