ഹോണ്ടയും നിസാനും ബന്ധം ദൃഢമാക്കുന്നു
Sunday, December 22, 2024 1:16 AM IST
ടോക്കിയോ: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ടയും നിസാനും തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും ലയിപ്പിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി പരസ്പരം ഫാക്ടറികളിൽ വാഹനങ്ങൾ നിർമിക്കുന്നത് പരിഗണിക്കുകയാണെന്ന് ജപ്പാനിലെ ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പദ്ധതിയുടെ ഭാഗമായി നിസാന്‍ ഹൈബ്രിഡ് വാഹനങ്ങൾ വിതരണം ചെയ്യുന്ന കാര്യം ഹോണ്ട പരിഗണിക്കുമെന്ന് വിവരങ്ങളുണ്ട്.
ബ്രിട്ടനിലെ നിസാന്റെ കാർ ഫാക്ടറി ഹോണ്ട ഉപയോഗിച്ചേക്കുമെന്ന് ക്യോഡോ റിപ്പോർട്ട് ചെയ്തു. യൂറോപ്പിൽ ഹോണ്ടോയ്ക്ക് എൻജിൻ, മോട്ടോർ സൈക്കിൾ നിർമാണ ഫാക്ടറികൾ മാത്രമാണുള്ളത്.
ജപ്പാനിലെ രണ്ടാമത്തെ വലിയ കാർ കന്പനിയായ ഹോണ്ടയും മൂന്നാമത്തെ വലിയ കാർ കന്പനിയായ നിസാനും ലയിച്ചാൽ, ടൊയോട്ടയ്ക്കും വോക്സ്വാഗനും പിന്നിൽ വാഹന വിൽപ്പനയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ നിർമാണ ഗ്രൂപ്പാകും. ഇത് പ്രതിവർഷം 7.4 മില്യണ്‍ വാഹനങ്ങൾ നിർമിക്കും.
ഇലക്ട്രിക് വാഹന നിർമാണത്തിൽ സഹകരിക്കാൻ രണ്ട് വാഹന നിർമാതാക്കളും മാർച്ചിൽ തന്ത്രപ്രധാനമായ പങ്കാളിത്തം സ്ഥാപിച്ചു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ നിസാൻ സാന്പത്തികവും തന്ത്രപരവുമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുകയാണ്.