ഗൂഗിളിൽ ഉന്നതപദവികളിൽ പിരിച്ചുവിടൽ
Sunday, December 22, 2024 1:16 AM IST
മെൻലോ പാർക്ക്: കന്പനിയുടെ ഉന്നത പദവികളിൽ ജോലി ചെയ്യുന്ന പത്തുശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ച് ഗൂഗിൾ. ഡയറക്ടർമാരും വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ മാനേജീരിയൽ തലങ്ങളിൽ ജോലി ചെയ്യുന്ന 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കി. ഓപ്പണ്‍എഐ പോലുള്ള എഐ-അധിഷ്ഠിത എതിരാളികളിൽ നിന്നുള്ള വർധിച്ചുവരുന്ന മത്സരത്തിനിടയിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് സുന്ദർ പിച്ചൈയുടെ വിശദീകരണം.
ഏറ്റവും പുതിയ പിരിച്ചുവിടലുകൾ, കഴിഞ്ഞ രണ്ട് വർഷമായി വികസിച്ചുകൊണ്ടിരിക്കുന്ന വിശാലമായ പുനഃക്രമീകരണ തന്ത്രത്തിന്റെ ഭാഗമാണ്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കന്പനി നടപടി.
ചില ജോലി റോളുകൾ വ്യക്തിഗത റോളുകളിലേക്ക് മാറ്റിയാണ് പുനഃസംഘടന നടത്തുന്നതെന്ന് ഗൂഗിൾ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
2022ലാണ് ഗൂഗിൾ 20 ശതമാനത്തിൽ കൂടുതൽ കാര്യക്ഷമമാകണമെന്ന ലക്ഷ്യം സുന്ദർ പിച്ചൈ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഗൂഗിൾ 12,000 പേരെ പിരിച്ചുവിട്ടു.