ചുവപ്പു കത്തി ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Sunday, December 22, 2024 11:57 PM IST
വിദേശ ഫണ്ടുകൾ സൃഷ്ടിച്ച കൊടുങ്കാറ്റിൽ നിക്ഷേപകരുടെ സ്വപ്നങ്ങളൊക്കെയും കടപുഴകി. രണ്ടു വർഷത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തിലാണ് ഇന്ത്യൻ ഇൻഡെക്സുകൾ. അമേരിക്ക പലിശ നിരക്ക് വീണ്ടും കുറച്ചത് ഡോളർ സൂചികയെ ശക്തമാക്കിയത് പ്രമുഖ വിപണികളിൽനിന്നും നിക്ഷേപം തിരിച്ചുപിടിക്കാൻ രാജ്യാന്തര ഫണ്ടുകളെ പ്രേരിപ്പിച്ചു.
ഓഹരികൾ വിറ്റ് നേടിയ രൂപ ഡോളറാക്കാൻ ഇന്ത്യയിൽ അവർ നടത്തിയ നീക്കം രൂപയുടെ റിക്കാർഡ് തകർച്ചയ്ക്കിടയാക്കി. സൂചിക അഞ്ച് ശതമാനത്തിന് അടുത്ത് ഇടിഞ്ഞു, സെൻസെക്സ് 4091 പോയിന്റും നിഫ്റ്റി സൂചിക 1180 പോയിന്റും നഷ്ടത്തിലാണ്.
സാന്താക്ലോസിനെ ഉയർത്തിക്കാട്ടി വിദേശഫണ്ടുകൾ കാഴ്ചവച്ചത് പുൾബാക്ക് റാലി. അതേ, മുൻ വാരം സൂചിപ്പിച്ചത് ശരിവയ്ക്കുന്ന നീക്കങ്ങളാണ് വിദേശ ഓപ്പറേറ്റർമാരിൽനിന്നുണ്ടായത്. വർഷാന്ത്യം അടുക്കുന്നതിനാൽ ഫണ്ടുകൾ ഉയർന്ന തലത്തിൽ ലാഭമെടുപ്പിനു നീക്കം നടത്താമെന്ന് സൂചന നൽകിയിരുന്നു, ഒപ്പംതന്നെ അവരുടെ പ്രോഫിറ്റ് ബുക്കിംഗ് വില്പന സമ്മർദത്തിലേക്ക് വഴുതിയതോടെ നിഫ്റ്റിക്ക് സൂചിപ്പിച്ച ആദ്യ രണ്ട് സപ്പോർട്ടുകളും തകർന്നു.
നിഫ്റ്റി അതിന്റെ കുത്തനെയുള്ള തകർച്ചയിൽ 4.77 ശതമാനം ഇടിഞ്ഞു, നാല് ആഴ്ചകളിൽ വാരികൂട്ടിയ നേട്ടങ്ങൾ ഈ തകർച്ചയിൽ അലിഞ്ഞില്ലാതായി. നിലവിൽ സൂചികയ്ക്ക് അതിന്റെ 200 ദിവസങ്ങളിലെ ശരാശരിക്ക് മുകളിൽപോലും പിടിച്ചുനിൽക്കാനായില്ല. ഈ തകർച്ചയുടെ ആഘാതം മുന്നിലുള്ള രണ്ടു ദിവസങ്ങളിൽ വിപണിയിൽ പ്രതിഫലിക്കും. വിദേശ ഫണ്ട് മാനേജർമാർ ക്രിസ്മസ് അവധിക്കായി രംഗം വിടുന്നതിനാൽ പുതിയ ബാധ്യതകൾക്ക് താത്പര്യം കുറയും. എന്നാൽ, താഴ്ന്ന തലത്തിൽ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപം നടത്താം.
24,768 പോയിന്റിൽ ട്രേഡിംഗ് തുടങ്ങിയ നിഫ്റ്റിക്ക് മികവിന് അവസരം നൽകാതെയുള്ള ലാഭമെടുപ്പാണ് തുടക്കത്തിൽ ദൃശ്യമായത്. തിങ്കളാഴ്ച വിദേശ ഓപ്പറേറ്റർമാർക്കൊപ്പം ആഭ്യന്തര ഫണ്ടുകളും മുൻ നിര ഓഹരികളിൽ ലാഭമെടുത്തു. അധികം വൈകാതെ വിദേശഫണ്ടുകൾ വില്പന തോത് ഉയർത്തിയതോടെ വിപണി ആടിയുലഞ്ഞു. ഒരവസരത്തിൽ 23,538ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 23,587ലാണ്. ഏകദേശം പതിനഞ്ച് പ്രവൃത്തിദിനങ്ങളിൽ കൈവരിച്ച 1491 പോയിന്റ് കരുത്ത് പിന്നിട്ട അഞ്ച് ദിവസങ്ങളിൽ 1180 പോയിന്റ് ഇടിഞ്ഞതോടെ നിക്ഷേപകർ അക്ഷരാർഥത്തിൽ ഭയന്നു.
ഇതിനിടയിൽ ഏറെ നിർണയകമായ 23,874ലെ സപ്പോർട്ടും നഷ്ടപ്പെട്ടത് വിപണിയുടെ മുഖഛായതന്നെ മാറ്റിമറിക്കാം. ഈ വർഷം ഒരു തിരിച്ചുവരവിനുള്ള സാധ്യതകൾക്ക് ഇതോടെ മങ്ങലേറ്റു. വിപണിയുടെ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ ഈ വാരം 23,167ലെ ആദ്യ താങ്ങ് ക്രിസ്മസ് വേളയിൽ നിലനിർത്താൻ വിപണി ക്ലേശിച്ചാൽ ജനുവരി ആദ്യ പകുതിയിൽ വിപണി 22,747ലേക്ക് തിരിയാം. പുതിയ സാഹചര്യത്തിൽ ഒരു തിരിച്ചുവരവിന് 24,377ലെ കടമ്പ മറികടക്കണം.
ഈ പ്രതിരോധം പൊടുന്നനെ ഭേദിച്ച് മുകളിലെത്താൻ ആദ്യന്തര ഫണ്ടുകൾ മാത്രം വിചാരിച്ചാൽ അത്ര വേഗം നടക്കുന്ന കാര്യമല്ല. എങ്കിലും അതിനായാൽ ജനുവരി അവസാനം 25,167ലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. ഇൻഡിക്കേറ്റുകൾ പലതും വില്പനക്കാർക്കുമുന്നിൽ പച്ചക്കൊടി ഉയർത്തുന്നതിനാൽ കരുത്ത് പ്രദർശിപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം.
നിഫ്റ്റി ഡിസംബർ ഫ്യൂച്ചർ 24,831ൽനിന്നും 23,641ലേക്ക് ഇടിഞ്ഞു. തകർച്ചയ്ക്കിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 12.60 ദശലക്ഷം ഓഹരികളിൽനിന്ന് 14.62 ദശലക്ഷമായി കയറി. അതായത് 2.02 ദശലക്ഷം ഓഹരികളുടെ വർധന പുതിയ വില്പനക്കാരുടെ വരവായി അനുമാനിക്കാം.
സെൻസെക്സ് 82,133 പോയിന്റിൽനിന്നും കൂടുതൽ മികവിന് മുതിരാതെ നിത്യേന താഴ്ന്ന തലങ്ങളിലേക്ക് ഇടിഞ്ഞു. വാരാന്ത്യദിനം 77,874വരെ നീങ്ങിയ ശേഷം ക്ലോസിംഗിൽ 78,041 പോയിന്റിലാണ്. സൂചികയ്ക്ക് 76,578ലാണ് ആദ്യ താങ്ങ്, ഇത് നഷ്ടപ്പെട്ടാൽ അടുത്തമാസം 75,116ലേക്ക് സാങ്കേതിക തിരുത്തൽ നടത്താം. അനുകൂല വാർത്തകൾക്ക് വിപണിയെ 80,798-83,556 പോയിന്റിലേക്ക് ഉയർത്താനാകും.
വർഷാന്ത്യം അടുത്തതോടെ സമ്പദ്ഘടന കൂടുതൽ പരിങ്ങലിലായി. രൂപയുടെ മൂല്യം 84.89ൽനിന്നും 85.10ലേക്ക് ദുർബലമായി, വാരാന്ത്യം രൂപ 85.01ലാണ്. രൂപ അടുത്ത വർഷം 85.20-85.30ലേക്ക് ദുർബലമാകും. 2025ൽ 88ലേക്കും വിനിമയ നിരക്ക് ഇടിയാം. വിദേശ ഫണ്ടുകൾ 15,828.11 കോടി രൂപയുടെ വില്പന നടത്തി, ആഭ്യന്തര ഫണ്ടുകൾ തുടക്കത്തിൽ 234.25 കോടി രൂപയുടെ വില്പന നടത്തിയെങ്കിലും പിന്നീട് അവർ 12108.17 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
ആഗോള സ്വർണ വിപണിക്ക് ദീപിക മുൻ വാരം ഇതേ കോളത്തിൽ സൂചിപ്പിച്ച ചലനങ്ങൾ നൂറ് ശതമാനം കൃത്യത കാണിച്ചു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 2647 ഡോളറിൽനിന്നും കഴിഞ്ഞ വാരം സൂചിപ്പിച്ച സപ്പോർട്ടായ 2584 ഡോളറിലേക്ക് വാരമധ്യം ഇടിഞ്ഞു. സ്വർണം സാങ്കേതികമായി ബുള്ളിഷായതിനാൽ താഴ്ന്ന റേഞ്ചിൽ വാങ്ങലുകാർ രംഗത്തിറങ്ങിയതോടെ ക്ലോസിംഗിൽ സ്വർണം 2622 ഡോളറിലേക്ക് കയറി.