മുത്തൂറ്റ് ഫിനാൻസിന്റെ ശ്രീലങ്കന്‍ സബ്സിഡിയറി കന്പനിക്കു നേട്ടം
Friday, December 27, 2024 1:47 AM IST
കൊച്ചി: സ്വര്‍ണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ശ്രീലങ്കന്‍ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി (എഎഎഫ്) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നികുതിക്കു ശേഷമുള്ള ലാഭമായ 95.61 മില്യണ്‍ രൂപ (344.2 എല്‍കെആര്‍) എന്ന നേട്ടം കൈവരിച്ചതായി അധികൃതർ അറിയിച്ചു.
2014-ലെ ഏറ്റെടുക്കലിനു ശേഷമുള്ള ഒരു ദശാബ്ദത്തെ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ കന്പനി പൂര്‍ത്തിയാക്കി. ശ്രീലങ്കയിലുടനീളം നൂറിലധികം ശാഖകളിലൂടെയുള്ള ഈ നേട്ടം തന്ത്രപരമായ അന്താരാഷ്ട്ര വിപണി വിപുലീകരണത്തിലൂടെ ആഗോള സാമ്പത്തിക സേവന സ്ഥാപനമെന്ന സ്ഥാനം കമ്പനി ഉറപ്പിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന എഎഎഫില്‍ മുത്തൂറ്റ് ഫിനാന്‍സിന് 72.92 ശതമാനം വിഹിതമാണുള്ളത്.
ശ്രീലങ്കന്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള എഎഎഫ്, ശ്രീലങ്കയിലെ ഫിച്ച് റേറ്റിംഗിൽനിന്ന് 2024 മാര്‍ച്ചില്‍ എഎഎഫ്എ പ്ലസ് സ്റ്റേബിള്‍ ഔട്ട്ലുക്ക് റേറ്റിംഗ് നേടി തങ്ങളുടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തിയെന്ന്, മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ്, ഏഷ്യ അസറ്റ് ഫിനാന്‍സ് ചെയര്മാന് വി.എ. പ്രശാന്ത്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയും ആയ കെ.ആര്. ബിജിമോന്‍, മുത്തൂറ്റ് ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് മേധാവി രോഹിത് രാജ് എന്നിവർ പറഞ്ഞു.